രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ നിയന്ത്രണമുള്ള റോഡിലേക്ക് പൊലീസിനെ വെട്ടിച്ച് ചീറിപ്പാഞ്ഞ് മൂന്ന് യുവാക്കൾ; സുരക്ഷാവീഴ്ചയെന്ന്
text_fieldsകോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ പാലാ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് മൂന്ന് യുവാക്കൾ ബൈക്കിലെത്തുകയും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിച്ച് കടന്നുകളയുകയുമായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
പാലാ ജനറൽ ആശുപത്രി ജങ്ഷനും മുത്തോലിക്കും ഇടയിലാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്നയാൾക്ക് മാത്രമാണ് ഹെൽമെറ്റ് ഉണ്ടായിരുന്നത്. ബൈക്ക് തടയാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും യുവാക്കൾ അവരെ മറികടന്ന് പാഞ്ഞുപോകുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. കെ.എൽ 06 ജെ 6920 എന്ന നമ്പർ ബൈക്കാണ് വിഡിയോയിൽ ഉള്ളത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കോടിച്ച അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ സ്വദേശി സന്തോഷ് ചെല്ലപ്പൻ എന്നിവരെ പിടികൂടി. പിടിച്ചെടുത്ത വാഹനത്തിന് ആവശ്യമായ ഇൻഷുറൻസ് ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ജിഷ്ണുവാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൽ രണ്ടിൽ കൂടുതൽ പേർ കയറിയതിനും പൊലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയതിനുമാണ് കേസ്
1500ഓളം സായുധ പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. ഇതിൽ 200 ഓളം പേർ മഫ്തിയിലായിരുന്നു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു രാഷ്ട്രപതി എത്തിയത്.
ശബരിമല സന്ദര്‍ശിക്കാനെത്തിയപ്പോൾ രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ ഹെലിപ്പാടിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവവും ഉണ്ടായിരുന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
രാഷ്ട്രപതി എത്തുന്ന ഹെലികോപ്ടർ നിലക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. കോൺക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയർ താഴ്ന്നുപോകാനിടയാക്കിയത്. എന്നാൽ ഇത് സുരക്ഷ വീഴ്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നു. ലാൻഡിങ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണ്. സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് പൊതുഭരണവകുപ്പും ഡി.ജി.പിയും വ്യക്തമാക്കിയത്.
രാഷ്ട്രപതിയുടെ ചടങ്ങിൽനിന്ന് കൊച്ചി മേയറെ അവസാന നിമിഷം ഒഴിവാക്കി
കൊച്ചി: എറണാകുളം സെന്‍റ് തെരേസാസ് കോളജിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത ശതാബ്ദി ആഘോഷ പരിപാടിയിൽ കൊച്ചി മേയർ എം. അനിൽകുമാറിനെ അവസാന നിമിഷം ഒഴിവാക്കി. പരിപാടിയിലേക്ക് കോളജ് അധികൃതർ മേയറെ നേരിട്ട് ക്ഷണിച്ചിരുന്നു. നോട്ടീസിലും പേരുൾപ്പെടുത്തി. സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ രാഷ്ട്രപതിഭവന് സമർപ്പിച്ച പട്ടികയിലും മേയറുടെ പേരുണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളിൽ പരിപാടിയുടെ പരസ്യം കണ്ടപ്പോൾ തന്‍റെ പേരില്ലാത്തത് ശ്രദ്ധയിൽപെട്ട മേയർ, കോളജ് ഡയറക്ടർ സിസ്റ്റർ ടെസ്സയെ ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നു.
പരിപാടിയിൽ മേയറുണ്ടെന്നും പരസ്യത്തിൽ ചേർക്കാൻ വിട്ടുപോയതാണെന്നുമായിരുന്നു ഡയറക്ടറുടെ പ്രതികരണം. മിനിറ്റുകൾക്കകം മേയറെ തിരിച്ചുവിളിച്ച അവർ, മേയറെ ഒഴിവാക്കിയ ലിസ്റ്റാണ് രാഷ്ട്രപതി ഓഫിസിൽനിന്ന് തങ്ങൾക്ക് വ്യാഴാഴ്ച രാത്രി കിട്ടിയതെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി കപ്പൽശാലയിൽ പങ്കെടുത്ത പരിപാടിയിൽനിന്നും സമാനമായി മേയറെ ഒഴിവാക്കിയിരുന്നു.
ഇത് മര്യാദകേടാണെന്ന് മേയർ മാധ്യമത്തോട് പറഞ്ഞു. ഇത് കൊച്ചി നഗരത്തോടും തദ്ദേശ സ്ഥാപനങ്ങളോടുമുള്ള കേന്ദ്രത്തിന്‍റെ അനാദരവാണ്. ഇൻകം ടാക്സ് ഓഫിസ് ഉദ്ഘാടനത്തിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എത്തിയപ്പോഴും അറിയിച്ചിട്ടില്ലെന്ന് മേയർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

