ബൈബിൾ കൺവൻഷനെത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
text_fieldsവിനേഷ്
വിതുര: ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ യുവാവ് വാമനപുരം ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മാണിക്കൽ കുതിരകുളം വാധ്യാരുകോണത്ത് തടത്തരികത്തുവീട്ടിൽ വിൽസൺ -എസ്തർ ദമ്പതികളുടെ മകൻ വിനേഷ് (33) ആണ് മരിച്ചത്. വിതുര താവയ്ക്കൽ കടവിൽ വ്യാഴാഴ്ച രാവിലെ ഒമ്പതര മണിയോടെയായിരുന്നു സംഭവം.
പറണ്ടോട് പുറുത്തിപ്പാറ അംബേദ്കർ കോളനിയിൽ നടന്ന ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിനേഷും സംഘവും. ഇവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായിരുന്നു താമസം. പ്രദേശത്തെ കിണറുകളിൽ വെള്ളമില്ലാത്തതിനാൽ ഇയാൾ ഉൾപ്പടെ മുതിർന്നവരും കുട്ടികളുമടക്കം പതിനഞ്ചോളം പേരടങ്ങുന്ന സംഘം രാവിലെയാണ് താവയ്ക്കലിൽ കുളിക്കാനെത്തിയത്. വെള്ളച്ചാട്ടത്തിനു താഴെയുള്ള കടവിൽ കുളിക്കവെ വിനേഷ് മുങ്ങിത്താഴുകയായിരുന്നു.
ഇയാൾക്കോ കൂടെയുള്ളവർക്കോ നീന്തൽ അറിയുമായിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടി ഓടിയെത്തി കടവിൽനിന്ന് ദൂരെയുള്ള വീടുകളിൽ വിവരം അറിയിച്ചു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ആറ്റിലിറങ്ങി വിനേഷിനെ പുറത്തെത്തിച്ചു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇയാളെ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിരപ്പൻകോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച വിനേഷ്. സഹോദരൻ: വിജേഷ്.