വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു
text_fieldsപറവൂർ: വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണെൻറ മകൻ ശ്രീജിത്താണ് (26) മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മർദനത്തെത്തുടർന്നാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾക്ക് ഗുരുതര ക്ഷതമേറ്റിരുന്ന ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടിൽ വാസുദേവൻ തൂങ്ങിമരിച്ച സംഭവത്തിൽ പത്താംപ്രതിയാണ് ശ്രീജിത്ത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം വീട്ടിൽനിന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഭാര്യയും മാതാവും കാര്യം അന്വേഷിച്ചപ്പോൾ െപാലീസാണെന്നായിരുന്നു മറുപടി. തുടർന്ന് ഇരുവരും പുറത്തേക്കിറങ്ങിചെല്ലുമ്പോൾ സംഘം റോഡിലിട്ട് ശ്രീജിത്തിനെ മർദിക്കുകയായിരുന്നു. ഇരുവരും ബഹളംവെച്ചതോടെ പൊലീസ് ജീപ്പിലിട്ട് കൊണ്ടുപോയി. ശനിയാഴ്ച മറ്റുപ്രതികൾക്കൊപ്പം റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ നിരസിച്ചു. തുടർന്ന് വരാപ്പുഴ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വയറുവേദന ഉള്ളതായി ശ്രീജിത്ത് അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. വേദന അസഹനീയമായ സ്ഥിതിയിൽ പുലർച്ച രണ്ടരയോടെയാണ് ശ്രീജിത്തിനെ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതോടെ 3.45ഓടെ വിദഗ്ധ ചികിത്സക്ക് ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റി. ചെറുകുടലിന് ഉൾപ്പെടെ സാരമായി പരിക്കേറ്റെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ ഒമ്പതോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാൽ, ബോധം വീണ്ടെടുക്കാനായില്ല.
പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മർദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. വയറുവേദനയാണെന്ന് അറിയിച്ചിട്ടും യഥാസമയം ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ലെന്നും ശ്രീജിത്തിെൻറ ഭാര്യയും മാതാവും പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയെങ്കിലും ശ്രീജിത്ത് അബോധാവസ്ഥയിലായതിനാൽ സാധിച്ചില്ല. അതേസമയം, ആശുപത്രിയിലെത്തിയ മനുഷ്യാവകാശ കമീഷൻ ശ്രീജിത്തിെൻറ ഭാര്യ, ആശുപത്രി അധികൃതർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അഖിലയാണ് ശ്രീജിത്തിെൻറ ഭാര്യ. മകൾ മൂന്നു വയസ്സുള്ള ആര്യനന്ദ.
എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
കൊച്ചി: വരാപ്പുഴയിൽ നടന്ന അക്രമത്തിൽ ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തിൽ പൊലീസ് സൂപ്രണ്ടിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കുറ്റാരോപിതനായ വരാപ്പുഴ എസ്.ഐ 23ന് കാക്കനാട് കലക്ടറേറ്റ് ഹാളിൽ നടക്കുന്ന സിറ്റിങിൽ ഹാജരാകാനും ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു.
ഗുരുതരാവസ്ഥയിലായിരുന്ന വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ(26) കമീഷൻ ആക്ടിങ് അധ്യക്ഷൻ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി സംഭവത്തിൽ നേരിട്ട് ഇടപെടണമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും കമീഷൻ നിർദേശിച്ചു. ശ്രീജിത്തിെൻറ ഭാര്യ, ആശുപത്രി അധികൃതർ എന്നിവരുമായി കമീഷൻ സംസാരിച്ചു. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചവർ വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആശുപത്രിയിലെത്തിക്കുമ്പോൾ ശ്രീജിത്തിെൻറ വയറിന് ഉൾവശത്ത് ഗുരുതര ക്ഷതമേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
വരാപ്പുഴ സ്റ്റേഷനിൽ നിന്നെത്തിയ മഫ്തി പൊലീസുകാരാണ് കഴിഞ്ഞ വെള്ളിയാഴ്ച ശ്രീജിത്തിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പീഡനത്തിന് താൻ സാക്ഷിയാണെന്നും ഭാര്യ കമീഷനെ അറിയിച്ചു. ശ്രീജിത്ത് അനുഭവിച്ചത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും കോടതിയിൽ ഹാജരാക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായും കമീഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
