ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്‍ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ജനറൽ സെക്രട്ടറി കെ.എസ്. ശബരിനാഥനുമാണ് ഇക്കാര്യമറിയിച്ചത്.
ചരിത്ര യാഥാർഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ മുഴുവൻ ജില്ലകളിലും ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗം പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി മൈനോരിറ്റി വിഭാഗം അറിയിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ എസ്.എഫ്.ഐയും തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐയും ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനും കാലടി സർവകലാശാലയിൽ വൈകിട്ട് ആറിനും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. വൈകിട്ട് ആറു മണിക്ക് പൂജപ്പുര മൈതാനത്താണ് ഡി.വൈ.എഫ്.ഐ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുക.
അതേസമയം, ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബി.ബി.സി ഇന്ന് സംപ്രേഷണം ചെയ്യും. യു.കെയിൽ മാത്രമാകും സംപ്രേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

