യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
text_fieldsതൃശൂര്‍: ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പങ്കാളിത്തമുള്ള കോണ്‍ഗ്രസാണ് വരും കാലങ്ങളില്‍ കേരളത്തില്‍ ഉണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഉറച്ച നിലപാടുകള്‍ എടുത്താല്‍ ജനം പിന്തുണക്കുമെന്നതിന്റെ ഉദാഹരണമാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. സ്ഥാനമില്ലാത്ത രണ്ട് വര്‍ഷമാണ് താന്‍ ഏറ്റവും അധികം യാത്ര ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിച്ചതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ല ഘടകങ്ങൾക്ക് ചർച്ചക്കുള്ള സാഹചര്യമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചർച്ചയുണ്ടായില്ല.
ജയിലിൽ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് താന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പ്രവര്‍ത്തകരുമായി സംവദിച്ചു.നിയമപോരാട്ടത്തിന് കേരളത്തില്‍നിന്ന് ലഭിച്ച തുകയുടെ വലുപ്പമല്ല, സഹായിക്കാനുള്ള കേരളജനതയുടെ മനസ്ഥിതിയെയാണ് താന്‍ വലുതായിക്കണ്ടതെന്നും കേരളം അങ്ങനെയാണ് പ്രിയപ്പെട്ട ഇടമായി മാറിയതെന്നും അവര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി. സിദ്ദീഖ്, പി.സി. വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ്, എം. ലിജു, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, രമ്യ ഹരിദാസ് എം.പി, സി.ആര്‍. മഹേഷ് എം.എല്‍.എ തുടങ്ങിയവർ സംസാരിച്ചു.