മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം, സംഘർഷം
text_fieldsആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റെ പട്ടത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷമായതോടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ജില്ല പ്രസിഡന്റ് നേമം ഷജീറിന് മർദനമേൽക്കുന്നു
തിരുവനന്തപുരം: നവകേരള ബസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥനായ സിവിൽ പൊലീസ് ഓഫിസർ സന്ദീപിന്റെ തിരുവനന്തപുരം പട്ടം കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലെ മാർച്ച് വീടിനുസമീപം 100 മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ പ്രവർത്തകർ ബാരിക്കേഡ് മറച്ചിട്ട് മുന്നേറാൻ ശ്രമിച്ചു. പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ചെറിയതോതിൽ ഉന്തുംതള്ളുമുണ്ടായി. പൊലീസിനുനേരെ കല്ലെറിഞ്ഞതോടെ ലാത്തിവീശി.
അതേസമയം, ആരോപണവിധേയരായ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രചാരണം നടന്നിരുന്നു. വീടിനുനേരെ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ കമീഷണർ സി.എച്ച്. നാഗരാജു നിർദേശിച്ചു. ഗൺമാൻ അനിൽകുമാർ താമസിക്കുന്ന പേരൂർക്കട പൊലീസ് ക്വാർട്ടേഴ്സിലും കല്ലിയൂരിലെ ഇയാളുടെ സ്വന്തം വീട്ടിലും സന്ദീപിന്റെ വീട്ടിലും സുരക്ഷ ശക്തമാക്കിയിരുന്നു. സന്ദീപിന്റെ വീടിനുസമീപം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരും തമ്പടിച്ചിരുന്നു. ഇവരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇടകലർന്ന് സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് ഇരുകൂട്ടരുടെയും ഇടയിലാണ് നിലയുറപ്പിച്ചത്.
നവകേരള സദസ്സുമായി തിരുവനന്തപുരത്തെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ചെരുപ്പുമാലയിട്ടാകും സ്വീകരിക്കുകയെന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജില്ല പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു.
മർദനം: കേന്ദ്രത്തിന് യൂത്ത് കോൺഗ്രസിന്റെ പരാതി
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി. മുൻ ജില്ല സെക്രട്ടറി സജിൽ ഷെരീഫാണ് പരാതി നൽകിയത്.
വെള്ളിയാഴ്ച വൈകീട്ട് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ സമാധാനപരമായി മുദ്രാവാക്യം വിളിച്ച കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ എന്നിവരെയാണ് ക്രൂരമായി മർദിച്ചത്. നവകേരള ബസ് കടന്നുപോകുന്നതിന് തടസ്സമുണ്ടാകാത്ത രീതിയിലായിരുന്നു പ്രതിഷേധം. അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാർ ഇവരെ പിടിച്ചുമാറ്റി കൊണ്ടുപോയി. ഈസമയം പിന്നാലെ അകമ്പടി വാഹനത്തിൽ വന്ന മുഖ്യമന്ത്രിയുടെ ഗൺമാനും സവാരി സ്യൂട്ട് ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ലാത്തിയുമായി തലങ്ങും വിലങ്ങും അടിച്ചെന്ന് പരാതിയിൽ പറയുന്നു.
മർദനത്തിനിടെ ഭീഷണിപ്പെടുത്തിയ ഗൺമാന്റെ നടപടി ഔദ്യോഗിക ജോലിക്ക് അപ്പുറമുള്ള കാര്യമാണ്. പൊലീസ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനെന്ന രീതിയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ചത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ആക്രമണത്തിന് കൂട്ടുനിൽക്കുകയും സൗകര്യമൊരുക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ അച്ചടക്കനടപടിയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ 307, 326, 324 വകുപ്പുപ്രകാരം എഫ്.ഐ.ആർ ഇട്ട് കേസെടുക്കണമെന്നുമാണ് ആവശ്യം. മർദനത്തിന്റെ വിഡിയോക്ലിപ്പിങ്ങും പത്രവാർത്തയും ഹാജരാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

