പ്രസവം കഴിഞ്ഞ് 75 ദിവസം, യുവതിയുടെ ശരീരത്തിനുള്ളിൽനിന്ന് കോട്ടൺ തുണി പുറത്തുവന്നു; വയനാട് മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsവയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിനു മുന്നിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു
മാനന്തവാടി: പ്രസവം കഴിഞ്ഞ് 75 ദിവസത്തിനുശേഷം യുവതിയുടെ ശരീരത്തില്‍ നിന്നു കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് വയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിനു മുന്നിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രതിഷേധം.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രക്തസ്രാവം തടയാൻ വെച്ച കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ഡോക്ടർമാർക്കെതിരായ ആരോപണം. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതിയും കുടുംബവും മന്ത്രി ഒ.ആർ. കേളുവിനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ഉള്ളിലെന്തോ ഇരിക്കുന്നതായി അനുഭവപ്പെട്ടെന്ന് യുവതി പറയുന്നു. പിന്നാലെ വയറുവേദനയും ദുർഗന്ധവും ഉണ്ടായി. 20 ദിവസത്തിനു ശേഷം ആശുപത്രിയിലെത്തി ബുദ്ധിമുട്ട് പറഞ്ഞെങ്കിലും ഒന്നുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. ഒപ്പം വെള്ളം കുടിക്കാനും പറഞ്ഞു. എന്നാൽ വീട്ടിലെത്തിയിട്ടും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. പിന്നാലെയാണ് തുണി ശരീരത്തിൽനിന്നു പുറത്തുവന്നത്. തന്നെ പരിശോധിച്ചത് രണ്ട് ഗൈനക്കോളജിസ്റ്റുകളാണെന്ന് യുവതി പറയുന്നു.
അസഹ്യമായ ദുര്‍ഗന്ധവും വേദനയും മൂലം വലഞ്ഞ തനിക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോൾ ഒരു ഡോക്ടര്‍മാരും പരിഗണന തന്നില്ല. പ്രസവശേഷം ഇത്തരത്തിലുള്ള വേദനയും മറ്റും കുറച്ച് ദിവസമുണ്ടാകുമെന്ന് പറഞ്ഞ് അവര്‍ നിസാരമാക്കി. ഒടുവില്‍ ഒരു ദിവസം ബാത്ത് റൂമില്‍ ഇരിക്കവെയാണ് തുണിക്കെട്ട് പുറത്തേക്ക് വന്നതെന്നും പ്രസവ സമയം രക്തസ്രാവം തടയാന്‍ വെച്ച തുണിയാണിതെന്നും യുവതി പറയുന്നു. ആര്‍ക്കാണ് പിഴവ് പറ്റിയതെന്ന് അന്വേഷിച്ച് കണ്ടെത്തി ശക്തമായ നടപടി വേണമെന്നും യുവതി പറയുന്നു.
രണ്ടുതവണ വേദനയുമായി പോയപ്പോഴും സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന നടത്താന്‍ ഡോക്ടര്‍ തയാറായില്ല. തുണിക്കഷണം പുറത്തുവന്ന ശേഷമാണ് സ്‌കാനിങ് നടത്തിയത്. ഇത് ആദ്യം ചെയ്തിരുന്നെങ്കില്‍ ഇത്ര അസഹ്യമായ വേദന അനുഭവിക്കേണ്ടി വരുമായിരുന്നില്ലെന്നും ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമായാണ് കരുതുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.
ഒക്ടോബര്‍ 20 നായിരുന്നു പ്രസവം. സുഖപ്രസവമായതിനാല്‍ ഒക്ടോബര്‍ 23ന് ആശുപത്രി വിട്ടു. പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായും അവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

