യൂത്ത് കോൺഗ്രസ് അധ്യക്ഷ പ്രഖ്യാപനം: ചൊവ്വാഴ്ച അബിൻ വർക്കി മാധ്യമങ്ങളെ കാണും
text_fieldsഅബിൻ വർക്കി
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ അനിശ്ചിതത്തിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ അഡ്വ. ഒ.ജെ. ജനീഷ് നിയമിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സംസ്ഥാന ഉപാധ്യക്ഷനായ അബിൻ വർക്കി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് മാധ്യമങ്ങളെ കാണുമെന്നാണ് അബിൻ വർക്കി എഫ്.ബി പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്.
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമാണ് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ് അവസാനം ഒ.ജെ. ജനീഷിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. അതോടൊപ്പം, കെ.എം. അഭിജിത്ത്, അബിൻ വർക്കി എന്നിവരെ സംഘടനയുടെ ദേശീയ സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു.
എന്നാൽ, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ രാഹുൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ അബിനെ ദേശീയ സെക്രട്ടറിയാക്കി ഒതുക്കിയെന്ന വികാരം സംഘടനയിൽ ശക്തമാണ്. ഇതാകാം വാർത്താസമ്മേളനം വിളിച്ച് പ്രതികരിക്കാനുള്ള അബിന്റെ തീരുമാനത്തിന് പിന്നിൽ.
ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തുന്നതിൽ യൂത്ത് കോൺഗ്രസിൽ കടുത്ത അനിശ്ചിതത്വമാണ് നിലനിന്നത്. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം നീണ്ടുപോയി. അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഉപാധ്യക്ഷരായ അബിൻ വർക്കി, അഡ്വ. ഒ.ജെ. ജനീഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് എന്നിവരുടെ പേരുകൾ കേട്ടിരുന്നു.
സംഘടന തെരഞ്ഞെടുപ്പിൽ രണ്ടാമത് ഏറ്റവും കൂടുതൽ വോട്ട് നേടിയ അബിൻ വർക്കിയെ പ്രസിഡന്റാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ താൽപര്യം. രമേശ് ചെന്നിത്തലയുടെ പിന്തുണയും അബിനുണ്ടായിരുന്നു. എന്നാൽ, ദേശീയ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ട കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ പ്രസിഡന്റാക്കാനാണ് എ ഗ്രൂപ്പ് താൽപര്യപ്പെട്ടത്. ഒപ്പം അബിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കണമെന്ന സമവായ ഫോർമുലയും എ ഗ്രൂപ്പ് മുന്നോട്ടുവെച്ചു. ഇതിനെല്ലാം പുറമേ ഒ.ജെ. ജനീഷിന്റെയും ബിനു ചുള്ളിയിലിന്റെയും ജെ.എസ്. അഖിലിന്റെയും പേരുകൾ ഉയർന്നു കേട്ടിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകൾ ഉയരുന്നുണ്ടെങ്കിലും ഗ്രൂപ്പ് അവകാശവാദങ്ങളെ തുടർന്ന് സമവായത്തിലെത്താനാകാത്തതും സംസ്ഥാന കമ്മിറ്റിയിലെ കടുത്ത ഭിന്നതയുമാണ് പ്രതിസന്ധിക്ക് കാരണമായത്. അബിൻ വർക്കി മികച്ച നേതാവെന്ന് പേരെടുത്തെങ്കിലും പാർട്ടി തലപ്പത്തെ സാമുദായിക സന്തുലനമാണ് തടസ്സം. നിലവിൽ കെ.പി.സി.സി, കെ.എസ്.യു പ്രസിഡന്റ് പദവിയിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരായതിനാൽ അബിൻ വർക്കിക്ക് സാധ്യത കുറവാണെന്നായിരുന്നു പൊതു വിലയിരുത്തൽ.
കെ.പി.സി.സി പ്രസിഡന്റ് വടക്കൻ കേരളത്തിൽ നിന്നായതിനാൽ അവിടെ നിന്നുള്ള കെ.എം. അഭിജിത്തിനെ പരിഗണിക്കണമെന്നും ആവശ്യം ഉയർന്നു. കെ.എസ്.യു പ്രസിഡന്റ് പദവി ഒഴിഞ്ഞിട്ടും യൂത്ത് കോൺഗ്രസിൽ അർഹമായ പദവി ലഭിക്കാതിരുന്ന നേതാവ് കൂടിയാണ് അഭിജിത്ത്. തെക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കളിലേക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി വരികയാണെങ്കിൽ ബിനു ചുള്ളിയിൽ, ഒ.ജെ. ജനീഷ് എന്നിവരുടെ പേരുകൾക്കാണ് സാധ്യതയുണ്ടായിരുന്നത്. ബിനു ചുള്ളിയിൽ, ഒ.ജെ. ജനീഷ് എന്നിവർക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള അടുപ്പവും അനുകൂല ഘടകമായി.
ആഴ്ചകൾ പിന്നിട്ടിട്ടും പുതിയ പ്രസിഡന്റിനെ നിയോഗിക്കാത്തതിനെ തുടർന്നും സംഘടന നാഥനില്ലാ കളരിയായെന്നും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനാകാത്ത സ്ഥിതിയാണെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിരവധി ജനകീയ വിഷയങ്ങൾ ഉയർന്നുവരുന്ന തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രധാനപ്പെട്ട പ്രതിപക്ഷ യുവജന സംഘടന നേതൃശൂന്യത നേരിടുന്നതിലെ അമർഷവും അണികളിൽ ഉയർന്നു. തൃശൂർ ചൊവ്വന്നൂര് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന്റെ കസ്റ്റഡി മർദനം, ശബരിമല അടക്കം വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് നിർജീവമാണെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
യൂത്ത് കോൺഗ്രസിന്റെ സംഘടന സംവിധാന പ്രകാരം ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരുമുണ്ടെങ്കിലും പ്രസിഡന്റിനാണ് അധികാരങ്ങളെല്ലാം. ഇതാണ് ആഴ്ചകളായി ഒഴിഞ്ഞു കിടന്നിരുന്നത്. അതിനിടെ ‘ഒന്നുകിൽ പിരിച്ചുവിടുക, അല്ലെങ്കിൽ ഉടൻ പ്രഖ്യാപിക്കുക’ എന്ന് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

