യൂത്ത് കോൺഗ്രസ്: പത്രികാസമർപ്പണം ഇന്നുകൂടി; എ പക്ഷത്ത് വിള്ളൽ
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒരുദിവസത്തേക്കുകൂടി നീട്ടി. അവസാന തീയതി ബുധനാഴ്ചയായിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടായതിനാൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ നീട്ടുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ് ഔദ്യോഗികമായി മത്സരിപ്പിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ പത്രിക സമർപ്പിച്ചു. നിലവിലെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ ഉറച്ച പിന്തുണ അദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനോട് വിയോജിക്കുന്ന എ ഗ്രൂപ്പിലെ ഒരുവിഭാഗം നാലുപേരെ രംഗത്തിറക്കി.
സംസ്ഥാന ഭാരവാഹികളായ എസ്.വി. അനീഷ് (തിരുവനന്തപുരം), വിഷ്ണു സുനിൽ പന്തളം (കൊല്ലം), ദുൽഖിഫിൽ (കോഴിക്കോട്), അഡ്വ. ആബിദ് അലി (എറണാകുളം) എന്നിവരാണ് ബുധനാഴ്ച പത്രിക നൽകിയത്. ഷാഫി പറമ്പിലിന്റെ മറ്റൊരു വിശ്വസ്തനും എ ഗ്രൂപ്പുകാരനുമായ എസ്.ജെ. പ്രേംരാജും (കൊല്ലം) വി.ഡി. സതീശനുമായി അടുപ്പം പുലർത്തുന്ന വീണ എസ്.നായരും കൊടിക്കുന്നിൽ സുരേഷിന്റെ അനുയായിയായ അനുതാജും (കൊല്ലം) പത്രിക നൽകിയിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽനിന്ന് ഒമ്പത് പേരെയാണ് ലഭിക്കുന്ന വോട്ടിന്റെയും സംവരണ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ വൈസ് പ്രസിഡൻറുമാരാക്കുക. അതിനാലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ചിലർ രംഗത്തുള്ളത്. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംയുക്ത സ്ഥാനാർഥിയെ രംഗത്തിറക്കാൻ ശ്രമം തുടങ്ങി. എന്നാൽ വി.ഡി. സതീശൻ അനുകൂല സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. മാങ്കൂട്ടത്തിലിനാണ് സതീശന്റെ പിന്തുണ. ഇതിനോട് ചെന്നിത്തല-കെ.സി. വേണുഗോപാൽ-കെ. സുധാകരൻ അനുകൂലികൾക്ക് യോജിപ്പില്ല. സമവായനീക്കം മുൻനിർത്തി ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയും പിന്തുണക്കുന്നവർ ബുധനാഴ്ച പത്രിക നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

