സ്ത്രീപീഡകർക്ക് പരവതാനി വിരിക്കരുത്, പി.കെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്
text_fieldsകോഴിക്കോട്: പി.കെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്. സ്ത്രീപീഡന ആരോപണം നേരിടുന്ന ആൾക്ക് കോൺഗ്രസ് പരവതാനി വിരിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ പറഞ്ഞു. ശശിയെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നത് ദൗർഭാഗ്യകരം.
അദ്ദേഹം യു.ഡി.എഫിലേക്ക് എന്ന വാർത്ത മുന്നണിയെ ദുർബലപ്പെടുത്താനാണ്. പി.കെ ശശി കോൺഗ്രസിൽ വരാൻ താത്പര്യപ്പെടുകയോ, കോൺഗ്രസിലേക്ക് ആരെങ്കിലും ക്ഷണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ദൗർഭാഗ്യകരമാണെന്ന് മാത്രമല്ല ആത്മാഭിമാനമുള്ള ഒരു കോൺഗ്രസു കാരനും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ദുൽഖിഫിൽ പറയുന്നു.
മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിലെ പരിപാടിയിൽ കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം നേതാവുമായ പി.കെ ശശി പങ്കെടുത്തത് ചർച്ചയായിരുന്നു. മണ്ണാ൪ക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇന്നലകളിലെന്ന പോലെ വരാൻ പോകുന്ന നാളെകളിലും തന്‍റെ സാന്നിധ്യമുണ്ടാകുമെന്നും താൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും പരിപാടിയിലെ പ്രസംഗത്തിൽ ശശി ചോദിച്ചിരുന്നു.
പാലക്കാട് മണ്ണാ൪ക്കാട് നഗരസഭ ആയു൪വേദ ഡിസ്പെൻസറി ഉദ്ഘാടന ചടങ്ങിൽ പി.കെ ശശിയെ മുഖ്യാതിഥിയാക്കിയതിൽ പ്രാദേശിക സി.പി.എം നേതൃത്വം രംഗത്തുവന്നിരുന്നു. നഗരസഭയുടെ അഴിമതി മറക്കനാണ് ശശിയെ പരിപാടിക്ക് ക്ഷണിച്ചത് എന്ന ഡി.വൈ.എഫ്.ഐയുടെ പരാമർശത്തിന് കഴുത്തോളം ചെളിയിൽ മുങ്ങി നിൽക്കുന്നവർ മറ്റുഉള്ളവരുടെ കുപ്പായത്തിലെ ചെളിയെ വിമർശിക്കുകയാണെന്ന് ശശി പറഞ്ഞു. ശശിയുടെ വെള്ള കുപ്പായത്തെ കുറിച്ച് പറഞ്ഞ് ശശിയെ കോൺഗ്രസിലേക്ക് പരോക്ഷമായി വി.കെ ശ്രീകണ്ഠൻ എം.പി ക്ഷണിച്ചു.
അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. പുറത്തേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും പ്രാദേശിക നേതൃത്വം ചടങ്ങിൽനിന്നു വിട്ട് നിൽക്കുമെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നു. ഇതിനിടെ കോൺഗ്രസ് നേതാവ് വി.കെ ശ്രീകണ്ഠൻ പാർട്ടിയിലേക്ക് പി.കെ ശശിയെ ക്ഷണിച്ചതാണ് യൂത്ത് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നാറിയവനെ പേറിയാൽ പേറിയവനും....?
സി.പി.എമ്മിലെ സഹപ്രവർത്തക നൽകിയ പീഡന പരാതിയുടെ ഭാഗമായി പാർട്ടി അന്വേഷണത്തിൽ പീഡന പരാതി കള്ളമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയനാവുകയും ചെയ്ത പാലക്കാട് ജില്ലയിലെ സി.പി.എം നേതാവായ പി കെ ശശി യുഡിഎഫിലേക്ക് എന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്ത യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഉള്ളതാണ് എന്നതിൽ സംശയമില്ല.
പി. കെ ശശി കോൺഗ്രസിൽ വരാൻ താത്പര്യപ്പെടുകയോ,കോൺഗ്രസിലേക്ക് ആരെങ്കിലും ക്ഷണിക്കുക ചെയ്തിട്ടുണ്ടെങ്കിൽ അത് ദൗർഭാഗ്യകരമാണ് എന്ന് മാത്രമല്ല ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ്കാരനും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

