സമുദായ സംഘടന പ്രവർത്തനം: വിലക്ക് നീക്കി യൂത്ത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സമുദായ സംഘടനകളോട് അകലം പാലിക്കുകയെന്ന നയത്തിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. എ.കെ. ആന്‍റണിയുടെ കാലംമുതൽ പതിറ്റാണ്ടുകളായി തുടർന്ന നിലപാടിലാണ് സംഘടനയുടെ ഔദ്യോഗിക തിരുത്തൽ. പാലക്കാട് നടന്ന സംസ്ഥാന ക്യാമ്പിലാണ് തിരുത്തൽ രേഖ അംഗീകരിച്ചത്. ഇതോടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും വിവിധ സമുദായ സംഘടനകളിൽ പ്രവർത്തിക്കുന്നതിനും ഭാരവാഹിത്വം വഹിക്കുന്നതിനും നിലനിന്ന തടസ്സം നീങ്ങി.
സംസ്ഥാനത്ത് വർഗീയ തീവ്രവാദ ആശയങ്ങൾ ശക്തിപ്രാപിക്കുകയും ജാതിമത സംഘടനകളുടെ നിയന്ത്രണം തീവ്രവാദ ചിന്താഗതിയുള്ള വർഗീയവാദികളിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസിന്‍റെ നിലപാട് മാറ്റം. സമുദായ സംഘടനകളിൽനിന്ന് അകലം പാലിക്കുകയെന്ന ഇതേവരെ സ്വീകരിച്ചിരുന്ന നിലപാട് കാരണം സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്ക് മുൻകാലങ്ങളിൽ സ്ഥാനം ഒഴിയേണ്ടിവന്നിരുന്നു. സമുദായ സംഘടനയിലെ പങ്കാളിത്തത്തിന്‍റെ കാര്യത്തിൽ നിലപാട് തിരുത്താൻ ഡീൻ കുര്യാക്കോസ് സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നപ്പോൾ നീക്കം നടന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. തിരുത്തൽ രേഖയായി ഈ വിഷയം ഇത്തവണ സംസ്ഥാന ക്യാമ്പിൽ ചർച്ചചെയ്തപ്പോൾ കാര്യമായ എതിർപ്പ് ഉണ്ടായില്ല.
മതവും ആത്മീയതയും വർഗീയതയല്ലെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് സംഘടന അംഗീകരിച്ച പ്രമേയം പറയുന്നു. ആരാധനാലയങ്ങളിൽനിന്ന് കോൺഗ്രസുകാർ പടിയിറങ്ങിയപ്പോൾ പകരം തീവ്രവർഗീയ ചിന്താഗതിക്കാരാണ് ചേക്കേറിയത്. അത്തരം കേന്ദ്രങ്ങൾ മതേതര ചിന്താഗതിക്കാരുടെ പ്രവർത്തന മേഖലയാക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണം. ജാതിമത സംഘടനകളിൽനിന്ന് യൂത്ത് കോൺഗ്രസ് അകലം പാലിച്ചപ്പോൾ ആ കേന്ദ്രങ്ങളും തീവ്രവാദ ചിന്താഗതിയുള്ള വർഗീയവാദികളാണ് കൈയേറിയത്. അതിനാൽ ജാതി-മത സംഘടനകളുടെ നേതൃസ്ഥാനങ്ങൾ മതേതര യുവജനങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങൾ ആക്കണമെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ആർ.എസ്.എസ്, എസ്.ഡി.പി.ഐ, കാസ എന്നീ വർഗീയ തീവവാദ ആശയങ്ങൾ സംസ്ഥാനത്ത് ശക്തിപ്രാപിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന യൂത്ത് കോൺഗ്രസ്, യുവതലമുറ അരാഷ്ട്രീയവാദത്തിലേക്ക് വഴുതിവീഴുമ്പോഴും അവരിൽ ചിലർ തീവ്രവർഗീയ ചേരിയിലേക്ക് ചുവടുറപ്പിക്കുന്നത് ഭയപ്പാട് ഉണ്ടാക്കുന്നെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

