വാഴൂർ (കോട്ടയം): റോഡ് തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തിയെന്ന് ആരോപിച്ച് സിനിമ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസിെൻറ പ്രതിഷേധ മാര്‍ച്ച്. പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ സെറ്റിലാണ് സംഭവം.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ടി.ബി റോഡിലായിരുന്നു ഷൂട്ടിങ്. അന്യായമായി റോഡിൽ ഗതാഗതം തടയുകയും പാതയോരത്ത് മാലിന്യം ഇടുകയും ചെയ്യുെന്നന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
നടൻ ജോജുവിനെതിരെയും സമരക്കാർ മുദ്രാവാക്യം വിളിച്ചു. പൃഥ്വിരാജ്, കലാഭവൻ ഷാജോൺ, അലൻസിയർ എന്നീ നടന്മാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. മാർച്ചിനെത്തുടർന്ന് ചിത്രീകരണം അര മണിക്കൂറോളം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
മാർച്ച് എത്തിയതോടെ പൊലീസുമായി ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ, ഷൂട്ടിങ് കാണാനെത്തിയ കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരും മാർച്ച് നടത്തിയവരും തമ്മിൽ നേരിയ തോതിൽ തർക്കവുമുണ്ടായി.
നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്ന പ്രചാരണം തെറ്റാണെന്ന് ഡി.സി.സി അംഗം സനോജ് പനക്കലും യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻറ് അനന്തകൃഷ്ണനും പറഞ്ഞു.