Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഒരു ഖദർ ഷർട്ട്...

‘ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചെലവിൽ അഞ്ച് കളർ ഷർട്ട്‌ ഇസ്തിരിയിടാം’; അജയ് തറയിലിന് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ

text_fields
bookmark_border
Kadar Dress, Ajay Tharayil, Abin Varkey
cancel

കോഴിക്കോട്: കോൺഗ്രസിന്‍റെ ഐഡന്‍റിറ്റിയായ ഖദർ വസ്ത്രം ധരിക്കുന്നില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിന്‍റെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, മുൻ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ, മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരിനാഥൻ, കെ.പി.സി.സി മുൻ വർക്കിങ് പ്രസിഡന്‍റ് വി.ടി. ബൽറാം അടക്കമുള്ളവരാണ് പ്രതികരിച്ചത്.

ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട്‌ ഇസ്തിരി ചെയ്തുകിട്ടുമെന്ന് കെ.എസ്. ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ്‌കാർ ഖദർ ധരിക്കുന്നത് കുറവാണ് എന്നൊരു പരാമർശം പ്രിയപ്പെട്ട അജയ് തറയിൽ ചേട്ടൻ പറയുന്നത് കേട്ടു.അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നാൽ അതിനൊരു കാരണമുണ്ട്. ഞാൻ വസ്ത്രധാരണത്തിൽ അത്ര കാർക്കശ്യം പാലിക്കുന്ന ഒരാൾ അല്ല; ഖദറും വഴങ്ങും കളറും വഴങ്ങും.

എന്നാൽ നേര് പറഞ്ഞാൽ തൂവെള്ളഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ല ഒന്ന്, ഖദർ ഷർട്ട്‌ സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളർ ഷർട്ട്‌ എന്നാലോ എളുപ്പമാണ്. രണ്ട്, ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട്‌ ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്. അതിനാൽ വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി, അല്ലെ?🥰 -ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

ഖാദിയോടോ പുത്തൽ വസ്ത്രങ്ങളോടോ വിരക്തിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പ്രതികരിച്ചു. ഖാദി എന്നും കോൺഗ്രസിന്‍റെ ഐഡന്‍റിറ്റിയുടെയും സ്വാതന്ത്ര്യ സമരത്തിന്‍റെയും പ്രതീകമാണ്. ടീഷർട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി രാഷ്ട്രീയ പ്രവർത്തനവും ജീവിതവും നയിക്കുന്നത്. അജയ് തറയിലിന്‍റെ പ്രസ്താവനയോട് വിയോജിക്കുകയാണ്. ഒരു ദിവസം വെള്ള ഖദർ ധരിക്കണമെങ്കിൽ 150 രൂപ ചെലവ് വരുമെന്നും അബിൻ വ്യക്തമാക്കി.

ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ആവശ്യമുള്ള സന്ദർഭങ്ങളിൽ ഖദർ ധരിക്കാറുണ്ട്. ഖദർ ധരിക്കുന്നവരോട് ആദരവും ബഹുമാനവും ഉണ്ട്. അല്ലാത്തവരെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും ഷാഫി വ്യക്തമാക്കി.

ഖദറിനോട് യാതൊരു വിയോജിപ്പുമില്ലെന്ന് കെ.പി.സി.സി മുൻ വർക്കിങ് പ്രസിഡന്‍റ് വി.ടി. ബൽറാം പ്രതികരിച്ചു. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായവരുടെ രീതിക്കനുസരിച്ച് മുന്നോട്ട് പോകുകയാണ് അനുയോജ്യം. ഏതാണ് അനുയോജ്യമായ വസ്ത്രം എന്ന് മനസിലാക്കി ധരിക്കുകയാണ് വേണ്ടത്. അതിൽ അനാവശ്യ പിടിവാശിയോ പ്രത്യയശാസ്ത്ര തർക്കങ്ങളോ വേണ്ടെന്നും വി.ടി. ബൽറാം ചൂണ്ടിക്കാട്ടി.

'സത്യ സേവാ സംഘർഷ്' എന്ന മുദ്രാവാക്യം ഉയർത്തി ജൂൺ 29 മുതൽ മൂന്നു ദിവസം ആലപ്പുഴയിൽ നടന്ന യുത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പിൽ പങ്കെടുത്ത സംസ്ഥാന നേതാക്കളടക്കം ഭൂരിപക്ഷം പേരും ഖദറിന് പകരം കളർ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് യുവനേതാക്കളെ വിമർശിച്ച് അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

യുവതലമുറക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അജയ് തറയിൽ ചോദിച്ചു. ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിന്‍റെ അസ്ഥിത്വം. ഖദർ ഒരു വലിയ സന്ദേശവും ആദർശവുമാണ്. മുതലാളിത്തത്തിനെതിരായ ഏറ്റവും വലിയ ആയുധവുമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഡി.വൈ.എഫ്.ഐക്കാരെ എന്തിന് അനുകരിക്കണമെന്നും അജയ് തറയിൽ ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, ഉപാധ്യക്ഷൻ അബിൻ വർക്കി അടക്കമുള്ളവർ കളർ വസ്ത്രം ധരിച്ചാണ് ഉദ്ഘാടന ദിവസം ക്യാമ്പിൽ പങ്കെടുത്തത്. അതേസമയം, ഉദ്ഘാടന ദിവസം കഴിഞ്ഞുള്ള ദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ ഖദർ ധരിച്ചും എത്തിയിരുന്നു.

അജയ് തറയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

യുവതലമുറക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം... -അജയ് തറയിൽ

ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസ്സിന്‍റെ അസ്ഥിത്വം ഖദർ ഒരു വലിയ സന്ദേശമാണ്, ആദർശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കുന്നത് കപാട്യമാണ്. നമ്മളെന്തിനാണ് DYFIക്കാരെ അനുകരിക്കുന്നത്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilAjay tharayilYouth CongressAbin VarkeyKadar Dress
News Summary - Youth Congress Leaders react to Ajay Tharayil Kadar Dress statement
Next Story