ഫ്യൂഡൽ മാടമ്പിത്തരമുള്ള ചില നേതാക്കന്മാരാണ് കോൺഗ്രസിന്റെ ശാപം -നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ
text_fieldsവി.പി ദുൽഖിഫിൽ
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ. പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് മർദനമേൽക്കാനിടയായ സംഭവത്തിനു പിന്നാലെ പൊലീസ് സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് 15 ദിവസം ജയിൽവാസം അനുഭവച്ചിറങ്ങിയതിനു പിന്നാലെയാണ് പാർട്ടി നേതൃത്വത്തിനും ചില നേതാക്കൾക്കുമെതിരെ കടുത്ത ആക്രമണവുമായി വി.പി ദുൽഖിഫിൽ ഫേസ് ബുക് പോസ്റ്റ് പങ്കുവെച്ചത്.
ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോൺഗ്രസ് നേതാക്കന്മാരാണ് ഇന്ന് പാർട്ടിയുടെ ശാപമെന്ന് പോസ്റ്റിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി തുറന്നടിച്ചു. ജയിൽവാസം ഇവർക്ക് വിഡ്ഢിത്തവും, ഉപവാസത്തോട് പുച്ഛവുമാണ്. വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ചു സ്ഥാനാർത്ഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു. തോൽക്കും എന്ന് ഉറപ്പുള്ള കേസിൽ കോടതിയിൽ പോയി വാദിക്കുന്നു -വി.പി ദുൽഖിഫിൽ കുറിച്ചു.
കോഴിക്കോട് കോർപറേഷനിലേക്ക് മേയർ സ്ഥാനാർഥിയായി കോൺഗ്രസ് രംഗത്തിറക്കിയ സംവിധായകൻ വി.എം വിനുവിന്റെ സ്ഥാനാർത്ഥിത്വം നാണക്കേടായതിനെ പരോക്ഷമായി വിമർശിക്കുന്നതാണ് പോസ്റ്റ്. വോട്ടർപട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ വി.എം വിനു ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കിയതിനു ശേഷം പിൻവാങ്ങിയിരുന്നു. കോൺഗ്രസിനും യു.ഡി.എഫിനും ജില്ലയിലും സംസ്ഥാനത്തും നാണക്കേടായി മാറിയ തീരുമാനത്തെ കടുത്ത ഭാഷയിലാണ് ദുൽഖിഫിൽ വിമർശിക്കുന്നത്.
വോട്ടർപട്ടികയിൽ പേരില്ലാത്ത ആളെ സ്ഥാനാർത്ഥിയാക്കിയപ്പോൾ നേതൃത്വം എന്ത് പക്വത കാണിച്ചു. സ്കൂൾ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പ്രവർത്തകർ ഇതിനേക്കാൾ ജാഗ്രത കാണിക്കും.
ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയിൽവാസം അനുഷ്ഠിച്ചവർക്കും വിജയ സാധ്യത കുറവുള്ള സീറ്റിൽ പോലും അതിനേക്കാൾ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് ഒരു മടിയുമില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.
നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായ വി.പി ദുൽഖിഫിൽ ഇത്തവണ മത്സര രംഗത്തില്ല.
വി.പി ദുൽഖിഫിലിന്റെ എഫ്.ബി പോസ്റ്റ് പൂർണരൂപം
‘തനി ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോൺഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാർട്ടിയുടെ ശാപം. അവർക്ക് ജയിൽവാസം ഒരു വിഡ്ഢിത്തരം ആണ്, ഉപവാസത്തോടു പുച്ഛവും. ഇവർ ഗാന്ധിയുടെയും നെഹ്റുവിന്റെയും പാർട്ടിയിൽ ആണല്ലോ പ്രവർത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ഭയമാണ് തോന്നുന്നത്. വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ചു സ്ഥാനാർത്ഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു. തോൽക്കും എന്ന് ഉറപ്പുള്ള കേസിൽ കോടതിയിൽ പോയി വാദിക്കുന്നു.
ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയിൽവാസം അനുഷ്ഠിച്ചവർക്കും വിജയ സാധ്യത കുറവുള്ള സീറ്റിൽ പോലും അതിനേക്കാൾ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് ഒരു മടിയുമില്ല. തങ്ങളുടെ കൂടെ നിൽക്കുന്നവരാണെങ്കിൽ എന്തു തോന്നിവാസം ചെയ്താലും ഞങ്ങൾ സീറ്റു കൊടുക്കും, മുഖത്തുനോക്കി അഭിപ്രായങ്ങൾ പറഞ്ഞാൽ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും. പ്രവർത്തകന്റെ വികാരത്തിന് അനുസരിച്ച് നിൽക്കുമ്പോൾ അതു പക്വതയില്ലാത്ത പെരുമാറ്റം ആണെന്ന് വിമർശിക്കുന്ന നേതൃത്വം വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാർത്ഥിയാക്കിയപ്പോൾ എന്ത് പക്വതയാണ് കാണിച്ചത്? സ്കൂൾ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പ്രവർത്തകർ ഇതിനേക്കാൾ ജാഗ്രത കാണിക്കും, അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല ഇതിനെതിരെ പോരാടാൻ തന്നെയാണ് തീരുമാനം. അടികൊണ്ട എണ്ണവും ജയിലിൽ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാൽ അഞ്ചു ശതമാനം സീറ്റുപോലും കൊടുക്കാൻ നേതൃത്വം തയ്യാറായില്ല. ആ കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ്, സമരത്തിൽ പങ്കെടുക്കാതെ സംഘടന പ്രവർത്തനം നടത്താതെ മറ്റു പല താൽപര്യത്തിന്റെയും പേരിൽ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ കെട്ടിവയ്ക്കേണ്ട. അത് അനുവദിക്കാനും വയ്യ. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയും.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

