'അന്ത്യ അത്താഴ ചിത്രത്തിൽ സംഘികളുടെ പടം വെട്ടിക്കയറ്റിയുള്ള ട്രോൾ വേണ്ട'; ബിനീഷ് കോടിയേരിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന് നേരത്തെ വന്ന് വേദി പിടിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതോടെ നീക്കി.
ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തിനിടയിലും ഐ.പി.എൽ ക്യാപ്റ്റന്മാർക്കിടയിലും രാജീവ് ചന്ദ്രശേഖർ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് 'ചന്ദ്രനടി' എന്ന അടിക്കുറിപ്പോടെ നൽകിയത്. എന്നാൽ, അന്ത്യത്താഴ ചിത്രം വിവാദമായതോടെ നീക്കുകയും ഐ.പി.എൽ ചിത്രം മാത്രം നിലനിർത്തുകയും ചെയ്തു.
സംഭവത്തിൽ ബിനീഷ് കോടിയേരിയെ ശക്തമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്തെത്തി. ബി.ജെ.പിക്കാരെ ട്രോളണമെങ്കിൽ അന്ത്യത്താഴ ചിത്രത്തിൽ സംഘികളുടെ പടം വെട്ടിക്കയറ്റിയിട്ട് വേണ്ടായെന്ന് ജിന്റോ പറഞ്ഞു.
തുറമുഖം ഉദ്ഘാടന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എങ്ങനെ വന്നു എന്ന് ചോദിക്കാൻ ആർജ്ജവമുള്ള ഒരാളും സി.പി.എമ്മിൽ ഇല്ലായെന്ന് അറിയാമെന്നും ജിന്റോ കുറ്റപ്പെടുത്തി. വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പോലെ ഇതും എ.കെ.ജി സെന്ററിന്റെ പ്രൊഡക്ട് ആണോയെന്നും ജിന്റോ ചോദിച്ചു.
വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ എത്തുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപാണ് ബി.ജെ.പി അധ്യക്ഷൻ വേദിയിൽ എത്തിയത്. ഒറ്റക്ക് ഇരുന്ന് സദസിലുള്ളവരെ നോക്കി മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
സംസ്ഥാനത്തിന്റെ ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഇല്ലാതിരുന്ന ബി.ജെ.പി അധ്യക്ഷൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിലാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്.
പ്രധാനമന്ത്രിയടക്കം 17പേർക്കാണ് വേദിയിൽ ഇരിപ്പിടം ഉണ്ടായിരുന്നത്. സംസ്ഥാനത്തെ മന്ത്രിമാർ ഉൾപ്പെടയുള്ളവർക്ക് ഇരിപ്പിടമില്ലാത്ത വേദിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ എങ്ങനെ വന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
"ബിനീഷ് കോടിയേരി നിലവാരം വീണ്ടും ഓർമ്മിപ്പിച്ചു. തികച്ചും സർക്കാർ പരിപാടി മാത്രമായ വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് എങ്ങനെ വന്നു എന്ന് ചോദിക്കാൻ ആർജ്ജവമുള്ള ഒരാളും സിപിഎമ്മിൽ ഇല്ലെന്നറിയാം. പക്ഷേ ഒന്ന് പറഞ്ഞേക്കാം നിനക്കൊക്കെ ബിജെപിക്കാരെ ട്രോളണമെങ്കിൽ അത് അന്ത്യ അത്താഴ ചിത്രത്തിൽ സംഘികളുടെ പടം വെട്ടിക്കയറ്റിയിട്ട് വേണ്ടാ. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. അതോ കോടിയേരി കുഞ്ഞിന്റെ ഈ ലീലാവിലാസവും എകെജി സെന്റർ പ്രൊഡക്റ്റ് ആണോ... വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പോലെ. പോസ്റ്റ് മുക്കിയാൽ അതിനർത്ഥം അവനവന് പോലും ഉറപ്പില്ലാത്ത പണിയാണ് കാണിച്ചത് എന്നല്ലേ?"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

