വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കാൻ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ആഹ്വാനം; അവാർഡും ക്യാഷും നൽകുമെന്ന് വാഗ്ദാനം
text_fieldsകോഴിക്കോട്: മാധ്യമപ്രവർത്തകനെതിരെ തീവ്രവാദി പരാമർശം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഹാരിസ് മുതൂർ. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല പ്രസിഡന്‍റ് ഹാരിസ് മുതൂർ ആഹ്വാനം ചെയ്തു.
വർഗീയവാദിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് പണവും സമ്മാനവും നൽകുമെന്ന് ഹാരിസ് മുതൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എഫ്.ബി പോസ്റ്റിനൊപ്പം വെള്ളാപ്പള്ളിയുട ചിത്രവും ഹാരിസ് പങ്കുവെച്ചു.
ഹാരീസ് മൂതൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ വർഗീയവാദിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്കു യൂത്ത് കോൺഗ്രസ് മലപ്പുറം കമ്മിറ്റി അവാർഡും ക്യാഷും നൽകും.
മാധ്യമപ്രവർത്തകനെതിരായ വർഗീയ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്‍റ് എസ്. സുനന്ദ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ നിരന്തരം വർഗീയ പരാമർശം നടത്തുന്നുവെന്ന് പരാതിയിൽ പറയുന്നു.
പേര് നോക്കി മതം കണ്ടെത്തി വെള്ളാപ്പള്ളി വർഗീയ വിദ്വേഷം നടത്തുന്നു. ചേരിതിരിവിനും കലാപാഹ്വാനത്തിവുമാണ് ശ്രമിച്ചത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമവും വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും പരാതിയിൽ പറയുന്നു.
തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെയാണ് തീവ്രവാദിയെന്ന് വിളിച്ച് വെള്ളാപ്പള്ളി നടേശന്‍ അധിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെയാണ് ഇന്ന് വെള്ളാപ്പള്ളി അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങൾ വളഞ്ഞു. റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്‍റെ മര്യാദപോലും കാണിച്ചില്ല. ഈ ഇരിക്കുന്ന റിപ്പോർട്ടർ കുന്തവുമായി എന്റെ നേരെ വന്നു. വന്ന ആളെ എനിക്ക് അറിയാം, ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എം.എസ്.എഫുകാരനാണ്, മുസ്ലിംകളുടെ വലിയ വക്താവാണ്. ആരോ പറഞ്ഞുവിട്ടതാണ്.. ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‍ലിം ലീഗിനുണ്ട്'. വെള്ളാപ്പള്ളി പറഞ്ഞു.
ബുധനാഴ്ച ചോദ്യമുന്നയിച്ചപ്പോൾ മൈക്ക് തട്ടി മാറ്റി
ബുധനാഴ്ച ഉച്ചയോടെ ശിവഗിരിയിൽ നിന്ന് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വെള്ളാപ്പള്ളിയോട് റഹീസ് റഷീദ് ചോദ്യങ്ങൾ ഉന്നയിച്ചത്. മലപ്പുറത്ത് തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്ന പരാമർശം ആവർത്തിച്ചപ്പോൾ, ഇക്കഴിഞ്ഞ ഒമ്പത് വർഷം പിണറായി വിജയൻ സർക്കാർ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.
വെള്ളാപ്പള്ളിയും മാധ്യമപ്രവർത്തകനും തമ്മിൽ അന്ന് നടന്ന സംഭാഷണത്തിൽ നിന്ന്:
മാധ്യമപ്രവർത്തകൻ: താങ്കളെ വർഗീയവാദി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ?
വെള്ളാപ്പള്ളി: എന്താ വർഗീയവാദി എന്ന് പറയാൻ കാരണം? യഥാർഥ വർഗീയവാദികൾ ആരാണ്? മലപ്പുറത്ത് ചെന്നപ്പോൾ ഞാൻ എന്ത് പറഞ്ഞു. എനിക്ക് പറയാനുള്ള അവസരം തരണം മിസ്റ്റർ.
മാധ്യമപ്രവർത്തകൻ: സ്കൂളുകൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു?
വെള്ളാപ്പള്ളി: സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല, ഈ ദുഃഖം ഞാനൊന്ന് പറഞ്ഞുപോയി
മാധ്യമപ്രവർത്തകൻ: അതെന്താ സ്ഥലം വാങ്ങാൻ കിട്ടുന്നില്ലേ?
വെള്ളാപ്പള്ളി: സ്ഥലം എല്ലാമുണ്ട്.
മാധ്യമപ്രവർത്തകൻ: പിന്നെന്താ പ്രശ്നം? എന്താ തുടങ്ങാൻ പറ്റാത്തത്?
വെള്ളാപ്പള്ളി: അനുവാദം തരണം.
മാധ്യമപ്രവർത്തകൻ: ആരുടെ അനുവാദം?
വെള്ളാപ്പള്ളി: സർക്കാറിന്റെ
മാധ്യമപ്രവർത്തകൻ: ഇപ്പോൾ പിണറായി വിജയൻ സർക്കാർ അല്ലേ?
വെള്ളാപ്പള്ളി: ഇപ്പോഴത്തേതല്ല. മുമ്പുള്ളത്. അന്ന്....
മാധ്യമപ്രവർത്തകൻ: ഈ ഒമ്പത് വർഷത്തിനിടെ പിണറായി സർക്കാറിന്റെ അനുവാദത്തിന് നോക്കിയില്ലേ?
വെള്ളാപ്പള്ളി: (ഇതോടെ ക്ഷുഭിതനായി) കുറേ നാളായി നിങ്ങൾ തുടങ്ങിയിട്ട്... താൻ കുറേ നാളായി തുടങ്ങിയിട്ട് (തുടർന്ന് റിപ്പോർട്ടറുടെ മൈക്ക് ബലപ്രയോഗത്തിലൂടെ തള്ളി മാറ്റി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

