എന്ത് കണ്ടിട്ടാണാവോ യൂത്ത് കോൺഗ്രസിൽ എടുത്തത്, തൂപ്പുകാരിയുടെ സ്ഥാനം പോലും കൽപ്പിക്കുന്നില്ല; രാഹുലിനെതിരെ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിന് സൈബർ ആക്രമണം
text_fieldsസജന,
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിന് സൈബർ ആക്രമണം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജനാണ് സൈബർ ആക്രമണത്തിന് ഇരയാകുന്നത്. ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു സജനയുടെ പ്രതികരണം.
'ഇവളൊക്കെ മത്സരിക്കാൻ വന്നാൽ ആണായി പറന്നവർ നല്ല പണി കൊടുക്കണം', 'രാഹുലിനെതിരെ പോസ്റ്റ് ഇടാൻ മാത്രമുള്ള യൂത്ത് കോൺഗ്രസ് നേതാവ്', 'ഇവൾക്ക് യൂത്ത് കോൺഗ്രസിൽ ആരും തൂപ്പുകാരിയുടെ സ്ഥാനം പോലും കൽപ്പിക്കുന്നില്ല', 'നിന്നെ എന്ത് കണ്ടിട്ട് ആണാവോ യൂത്ത് കോൺഗ്രസിൽ എടുത്തത്', 'ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് നീ പോസ്റ്റ് ഇട്ടോ', 'ശ്രദ്ധിക്കാതെ പോയതിന് ഇത്രവേണോ', 'നിങ്ങളെക്കാളും സപ്പോർട്ട് ഉണ്ട് രാഹുലിന്' എന്നിങ്ങനെ നിരവധി അധിക്ഷേപ കമന്‍റുകളാണ് പോസ്റ്റിന് വരുന്നത്.
അതീവ ഗൗരവമുള്ള വിഷയങ്ങളിൽ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണ് എന്ന് തുടങ്ങുന്ന കുറിപ്പാണ് സജന പങ്കുവെച്ചത്. 'അതിജീവിതമാരെ നിങ്ങൾ പോരാടുക... നിങ്ങൾ പോരാടുന്നത് ഇപ്പോൾ ഒരു കോൺഗ്രസ് നേതാവിനോടല്ല... അവർക്ക് എന്റെ നേതാക്കളുടെ സംരക്ഷണമില്ല... സംരക്ഷണം നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ലക്ഷ്യങ്ങൾ ഉണ്ടാകും' -എന്ന് സജന എഴുതി.
സജനയുടെ കുറിപ്പ്
അതീവ ഗൗരവമുള്ള വിഷയങ്ങളിൽ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ടാണ് ഇന്നലെകളിലും ഇന്നും പ്രതികരിക്കുന്നത്. കൊടുംക്രൂരതക്ക് ഇതല്ലാതെ മറ്റെന്താണ് പറയേണ്ടത്.
ഒന്നാണെങ്കിൽ അത് അബദ്ധം, രണ്ടാണെങ്കിൽ അത് കുറ്റം. തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരം..ചെന്നതുകൊണ്ടല്ലേ സംഭവിച്ചത് എന്ന ന്യായീകരണ പടയാളികൾ പടച്ചുവിടുന്ന ചോദ്യത്തോട് ഒന്നേ പറയാനുള്ളൂ.
"മിട്ടായി നൽകി കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന സൈക്കോ പാത്തുക്കളെ തിരിച്ചറിയാൻ കഴിയാത്ത നാട്ടിൽ പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് ഈ പെൺകുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുക?"
സ്ത്രീ പക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ പാർട്ടിയിൽ ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പറയുന്നത് ശരിയുടെ ബോധ്യമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ആശ്വാസം..
അതിജീവിതമാരെ നിങ്ങൾ പോരാടുക... നിങ്ങൾ പോരാടുന്നത് ഇപ്പോൾ ഒരു കോൺഗ്രസ് നേതാവിനോടല്ല...
അവർക്ക് എന്റെ നേതാക്കളുടെ സംരക്ഷണമില്ല... അവർക്ക് സംരക്ഷണം നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ലക്ഷ്യങ്ങൾ ഉണ്ടാകും... രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കുന്നവരെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് നമുക്കറിയാം.. എന്നാൽ എല്ലാപേരെയും ആ കണ്ണോടെ കാണരുത്...
യൂത്ത് കോൺഗ്രസ് സ്ത്രീപക്ഷ നിലപാടിൽ തന്നെയാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

