കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് കീറിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ; 'മൂർഖനെ കണ്ടു ഭയന്നിട്ടില്ല പിന്നെയല്ലെ ചേര, പൊലീസ്, ജയിൽ എന്നൊക്കെ പറഞ്ഞ് ഇങ്ങോട്ട് വരണ്ട, ഞാൻ സേവനം ചെയ്തത് ഇന്ത്യൻ ആർമിയിലാണ്'
text_fieldsയൂത്ത് കോൺഗ്രസ് നേതാവ് പി.ആർ. സനീഷ്, മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനിടയിലുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡ് കീറിയ കേസിൽ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പി.ആർ. സനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. എൽ.ഡി.എഫ് സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോർഡ് കീറിയെന്ന കേസിലാണ് നടപടി.
സനീഷിനെ മയ്യിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തശേഷം കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കാനെന്ന വ്യാജേനയാണ് സനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും മലപ്പട്ടം സംഭവത്തിൽ സി.പി.എമ്മിനുണ്ടായ രാഷ്ട്രീയമായ തിരിച്ചടിക്കെതിരെ പൊലീസിനെ ഉപയോഗിച്ച് ഭീകരത സൃഷ്ടിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
വിമുക്ത ഭടനായ പി.ആർ. സനീഷ് അടുവാപ്പുറത്തെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഗാന്ധിസ്തൂപം ഒരു സംഘം തുടർച്ചയായി തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ മലപ്പട്ടത്ത് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഇതിനുപിന്നാലെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സനീഷിന്‍റെ ഭൂമിയിൽ ഗാന്ധിസ്തൂപം സ്ഥാപിക്കാൻ അനുവദിക്കിെല്ലന്ന് ജില്ല സെക്രേട്ടറിയറ്റ് അംഗം പി.വി. ഗോപിനാഥ് പ്രസംഗിക്കുകയുംചെയ്തു.
ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് പൊലീസ് സനീഷിനെ അറസ്റ്റ് ചെയ്തത്. ഗാന്ധിനിന്ദ പ്രസംഗം നടത്തിയ ഗോപിനാഥിനെതിരെ കേസെടുക്കാൻ തയാറാവാത്ത പൊലീസ് ഫ്ലക്സ് കീറിയ സനീഷിനെ വ്യാജ തിരക്കഥയുണ്ടാക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
അതേസമയം, വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി പി.ആർ. സനീഷ് രംഗത്തെത്തി. താന്‍ ജനിച്ചത് കെ പി സദാനന്ദൻ എന്ന കോൺഗ്രസ് പ്രവത്തകന്റെ മകൻ ആയിട്ടാണെന്നും, സേവനം ചെയ്തിട്ടുള്ളത് ഇന്ത്യൻ ആർമിയിൽ ആണെന്നും പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും പോലീസ്, കോടതി, ജയിൽ, എന്നൊക്കെ പറഞ്ഞു ഇങ്ങോട്ട് വരരുതെന്നും കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ ജനിച്ചത് കെ പി സദാനന്ദൻ എന്ന കോൺഗ്രസ് പ്രവത്തകന്റെ മകൻ ആയിട്ടാണ്.
ഞാൻ സേവനം ചെയ്തിട്ടുള്ളത് ഇന്ത്യൻ ആർമിയിൽ ആണ്.
ഞാൻ പഠിച്ചതും അറിഞ്ഞതും ഗാന്ധി തത്വങ്ങളും ഗാന്ധി ആശയങ്ങളും ആണ് .
എന്റെ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്.
ഞാൻ പിടിച്ചത് മൂവർണ കൊടി ആണ്.
മൂർഖനെ കണ്ടു ഭയന്നിട്ടില്ല പിന്നലെ ചേര ......
പൊലീസ്, കോടതി, ജയിൽ, എന്നൊക്കെ പറഞ്ഞു ഇങ്ങോട്ട് വരരുത് ഇതു പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്...........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

