‘ഒരുപാട് പെൺകുട്ടികളുള്ള പ്രസ്ഥാനമാണ്’; നിരപരാധിയെങ്കിൽ രാഹുൽ വ്യക്തമാക്കണമെന്ന് ആർ.വി. സ്നേഹ
text_fieldsആർ.വി. സ്നേഹ
തിരുവനന്തപുരം: യുവനടി ഉയർത്തിയ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളിൽ പേര് വന്നിട്ടും മൗനം തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറി ആർ.വി. സ്നേഹ രംഗത്ത്. ആരോപണം യൂത്ത് കോൺഗ്രസിനെയാകെ ബാധിക്കുകയാണ്. യൂത്ത് കോൺഗ്രസ് ഒരുപാട് പെൺകുട്ടികളുള്ള പ്രസ്ഥാനമാണ്. പ്രസ്ഥാനത്തോട് ഇതുവരെ മറുപടി നൽകാൻ അധ്യക്ഷൻ തയാറായിട്ടില്ല. ഒരുപക്ഷേ നിരപരാധിയായിരിക്കാം. എന്നാൽ അത് വ്യക്തമാക്കണമെന്നും ആർ.വി. സ്നേഹ പറഞ്ഞു.
“ഇത്തരമൊരു ആരോപണം വരുമ്പോൾ അത് ഒരു വ്യക്തിയെ മാത്രമല്ല, യൂത്ത് കോൺഗ്രസിനെയാകെ ബാധിക്കുകയാണ്. സംസ്ഥാന അധ്യക്ഷനാണ് അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ വിവാദം വരുമ്പോഴും അത് ആരാണെന്ന കാര്യം വ്യക്തമായിരുന്നില്ല. എന്നാൽ ഒരാളുടെ പേര് മാധ്യമങ്ങളിൽ വരുമ്പോഴും ആരോപണ വിധേയൻ മൗനം തുടരുകയാണ്. യൂത്ത് കോൺഗ്രസ് ഒരുപാട് പെൺകുട്ടികളുള്ള പ്രസ്ഥാനമാണ്. ആർക്കുനേരെയും ആരോപണം വരാം. പ്രസ്ഥാനത്തോട് ഇതുവരെ മറുപടി നൽകാൻ അധ്യക്ഷൻ തയാറായിട്ടില്ല.
ഒരാൾക്കെതിരെ ആരോപണമുയരുമ്പോൾ പ്രസ്ഥാനത്തെയാകെ അതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ല. എന്‍റെ ചോദ്യങ്ങൾക്കുപോലും മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. ഒരു ജനപ്രതിനിധി കൂടിയാണ് അദ്ദേഹംം. ഒരുപക്ഷേ നിരപരാധിയായിരിക്കാം. എന്നാൽ അത് വ്യക്തമാക്കണം. ഉത്തരവാദിത്തത്തോടെ പെരുമാറാൻ അദ്ദേഹം തയാറാകണം. എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ആരോപണ വിവരം അറിയുന്നത്. പാർട്ടി കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” -ആർ.വി. സ്നേഹ പറഞ്ഞു.
നേരത്തെ രാഹുൽ മാങ്കൂട്ടത്തലിനെതിരെ യൂത്ത്കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിലും സ്നേഹ വിമർശനമുന്നയിച്ചിരുന്നു. രാഹുൽ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയിൽ ചർച്ച ചെയ്യണമെന്ന് ശബ്ദ സന്ദേശത്തിൽ സ്നേഹ ആവശ്യപ്പെട്ടു. പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല യൂത്ത് കോൺഗ്രസിന്റേതെന്ന് സമൂഹത്തിന് കാണിച്ച്കൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന കമ്മിറ്റിക്കുണ്ട്. അതുകൊണ്ട് ആരോപണങ്ങളിൽ രാഹുൽ കൃത്യമായ മറുപടി കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം യുവനേതാവിനെതിരായ ആരോപണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ആർക്കെതിരെ ആരോപണം വന്നാലും ഗൗരവമായി പരിഗണിക്കും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ആരായാലും, എത്രവലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെയാണ്. വിഷയം അതീവ ഗൗരവതരമാണ്. പരിശോധിച്ച് നടപടിയെടുക്കും. വ്യക്തിപരമായി ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിക്ക് സാധ്യതയുണ്ട്. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി വാങ്ങാൻ ഹൈക്കമാൻഡ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അബിൻ വർക്കിയെ പകരം അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരൻ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ തന്നെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു.
പ്രമുഖ യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് റിനി ആൻ ജോര്‍ജ് ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നെന്ന് റിനി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

