വി.എസിനെതിരെ അധിക്ഷേപം: നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് പരാതി
text_fieldsകൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡന്‍റ് സിജോ ജോസഫ് ആണ് പരാതി നൽകിയത്.
രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, മുൻ എം.പി ജോർജ് ഈഡൻ അടക്കമുള്ളവരെ കുറിച്ചും അധിക്ഷേപ പരാമർശമുണ്ട്.
ആരുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് വിനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നത് നഗരത്തിലെ ക്രമസമാധാനം തകർക്കുന്നതിന് സാധ്യതയുണ്ടെന്ന് പരാതിയിൽ പറയുന്നു.
സമൂഹത്തിൽ അരാജകത്വം പരത്തുന്ന തരത്തിലുള്ള എഫ്.ബി പോസ്റ്റുകളും ആഹ്വാനങ്ങളും നടത്തുന്നതിൽ നിന്ന് വിനായകനെ വിലക്കുന്ന തരത്തിൽ ഇന്ത്യൻ ശിക്ഷാനിയമം പ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍റെ ഭൗതികശരീരം സംസ്കരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റുമായി വിനായകൻ രംഗത്തെത്തിയത്. എന്‍റെ അച്ഛനും ചത്തുവെന്നും വി.എസും ചത്തുവെന്നും വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൂടാതെ, ഗാന്ധിയും നെഹ്റുവും ഇന്ദിരയും രാജീവും കരുണാകരനും ചത്തുവെന്ന് പോസ്റ്റിട്ട വിനായകൻ, ഹൈബിയുടെ തന്ത ജോർജ് ഈഡൻ ചത്തുവെന്നും നിന്‍റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തുവെന്നും എഫ്.ബി പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിൽ വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വിനായകൻ 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ഞങ്ങടെ വി.എസ് മരിക്കുന്നില്ല' എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. വി.എസിന് ആദരാഞ്ജലി അർപ്പിച്ച് എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് വിനായകൻ പങ്കെടുത്തത്. വിനായകൻ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന് പിന്നാലെ വിലാപയാത്ര നടക്കുന്ന സമയത്ത് അധിക്ഷേപ വിഡിയോയുമായി വിനായകൻ രംഗത്തെത്തിയിരുന്നു. 'ആരാണ് ഈ ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.
'എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നും വിനായകൻ വിഡിയോയിൽ പറഞ്ഞിരുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിനായകനെതിരെ രൂക്ഷ വിമർശനമാണ് സംസ്ഥാനത്താകെ ഉയർന്നത്. മോശം പരാമർശത്തിൽ വിനായകനെതിരെ പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിനായകനെതിരെ കേസ് പാടില്ലെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

