യൂത്ത്കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുവെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന. ഇവരുടെ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അടൂരും ഏലംകുളത്തുമുള്ള യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭാരവാഹി തെരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
കേസിലെ മുഖ്യ പ്രതി ഫെനി നൈനാന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. ക്രമക്കേട് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം.
നേരത്തെ ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരുമുണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിക്കുന്നത്.
മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്‍റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്‍റെ പേര് പരാമർശിക്കുന്നത്. കേസില്‍ നിലവില്‍ ഏഴ് പ്രതികളാണ് ഉള്ളത്. വ്യാജ തിരിച്ചറിയൽ രേഖ കേസില്‍ പൊലീസിന്‍റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്‍റെ മൊഴി. നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയർ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചത്.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ കാർഡുകള്‍ ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷന് പൊലീസ് റിപ്പോർട്ട് നൽകി. മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനാൽ പ്രതിചേർത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

