യൂത്ത് കോൺ. വ്യാജ ഐ.ഡി: പരിശോധിക്കുമെന്ന് കെ. സുധാകരന്
text_fieldsകെ. സുധാകരൻ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മുന്‍വിധിയോടെ ഒന്നും കാണേണ്ടതില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടവുമായി സംസാരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസക്കുറവില്ല.
വ്യാജ രേഖയും ഐ.ഡി കാര്‍ഡും ഉണ്ടാക്കിയും കള്ള വോട്ട് ചെയ്തും സഹകരണ ബാങ്കുകളിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ചരിത്രം സി.പി.എമ്മിന്റേതാണ്. അതേക്കുറിച്ച് ബി.ജെ.പിക്ക് പരാതിയില്ല. ക്ഷേമ പെന്ഷന് കിട്ടാത്തതിൽ പ്രതിഷേധിച്ച ഇടുക്കിയിലെ മറിയക്കുട്ടിക്ക് കെ.പി.സി.സി വീട് നിര്‍മിച്ച് നല്‍കുമെന്നും രണ്ടുമാസം കൊണ്ട് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സുധാകരൻ പറഞ്ഞു.
ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന കൊള്ളയാണ് നവകേരള സദസ്സ്. മുഖ്യമന്ത്രിക്ക് ഷോ കാണിക്കാന്‍ വേണ്ടി നടത്തുന്ന ജനസദസ്സ് പാര്‍ട്ടി ഫണ്ടുപയോഗിച്ച് നടത്തണം. നവകേരള സദസ്സില്‍ പങ്കെടുക്കണ്ടെന്നും യു.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും യോജിച്ചെടുത്ത തീരുമാനമാണ്. അത് തിരസ്കരിച്ച് നവകേരള സദസ്സില്‍ പങ്കെടുക്കുകയോ, അതിന് പണം നല്‍കുകയോ ചെയ്യുന്നത് ഏത് കൊമ്പനായാലും നടപടിയെടുക്കുമെന്നും സുധാകരന് പറഞ്ഞു.

