യൂത്ത് കോൺഗ്രസ്: ധാരണകൾ മാറിമറിഞ്ഞതിൽ അസ്വാരസ്യം, സ്വാഭാവികനീതി വഴിമാറിയെന്ന്
text_fieldsഒ.കെ.ജനീഷ്, അബിൻ വർക്കി
തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനുശേഷം യൂത്ത് കോൺഗ്രസിന് ഭാരവാഹികളായെങ്കിലും ധാരണകൾ മാറിമറിഞ്ഞതിൽ അസ്വാരസ്യം പുകയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് അഴിച്ചുപണി അനിവാര്യമായത്.
കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയാണ് രാഹുൽ അധ്യക്ഷസ്ഥാനത്തെത്തിയത്. രാഹുൽ സ്ഥാനമൊഴിയുമ്പോൾ പകരക്കാരനാകേണ്ടത് വോട്ടിങ് നിലയിൽ രണ്ടാമതുള്ള അബിൻ വർക്കിയാണ്. ഐ ഗ്രൂപ്പ് അബിൻ വർക്കിക്കായി വാദിക്കുകയും ഹൈക്കമാൻഡിനോട് നേരിട്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ, സാമുദായിക പരിഗണനകളിലും സമവാക്യങ്ങളിലും സ്വാഭാവികനീതി വഴിമാറിയെന്നാണ് ഐ ഗ്രൂപ്പിന്‍റെ പരിഭവം. അബിനെ പരിഗണിച്ചാൽ കെ.പി.സി.സിയുടെയും യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും അധ്യക്ഷന്മാർ ഒരേ സമുദായത്തിൽ നിന്നുള്ളവരാകുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
പ്രസിഡന്‍റിനെ കണ്ടെത്തുന്നതിനെച്ചൊല്ലി കടുത്ത അഭിപ്രായ ഭിന്നതകളായിരുന്നു ഇതുവരെ. പ്രഖ്യാപനം വന്നതോടെ തീരുമാനത്തിലെ അതൃപ്തി സംഘടനയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. സംഘടന തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിക്കും പിന്നിൽ നാലാമതായി വോട്ട് നേടിയയാളാണ് പുതിയ പ്രസിഡന്‍റ് ഒ.ജെ. ജനീഷ്. കെ.എം. അഭിജിത്തിന്‍റെ പേര് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാളെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളാണ് തിരിച്ചടിയായത്. അതേസമയം, അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചവർക്കെല്ലാം ചുമതലകൾ നൽകി സമവായത്തിനും നേതൃത്വം ശ്രമിച്ചു. അത് എത്രത്തോളം അണികളെ തൃപ്തിപ്പെടുത്തുമെന്നത് ചോദ്യചിഹ്നമാണ്. അബിൻ വർക്കി ചൊവ്വാഴ്ച മാധ്യമങ്ങളെ കാണുമെന്ന് സൂചനയുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ രൂക്ഷമായ ഭിന്നത ഉടലെടുത്തിരുന്നു. രാഹുലിനെ അനുകൂലിച്ചവരും എതിർത്തവരും തമ്മിലായിരുന്നു പോര്. രാഹുലിനെ പിന്നിൽനിന്ന് കുത്തി എന്നായിരുന്നു അനുകൂല വിഭാഗത്തിന്റെ നിലപാട്. പോര് പരിധിവിട്ടതോടെ നേതൃത്വം ഇടപെട്ട് വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ ഓൺലിയാക്കി പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണുകയായിരുന്നു. ഈ ഭിന്നതയുടെ മുറിവ് നിൽക്കുമ്പോഴാണ് പുതിയ അധ്യക്ഷ പ്രഖ്യാപനം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

