നിയമസഭയിൽ മത്സരിക്കാൻ 16 സീറ്റ് വേണം, പാര്‍ട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്
text_fieldsകൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ 16 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം ചെറുപ്പക്കാര്‍ക്ക് മത്സരരംഗത്ത് കൂടുതല്‍ പ്രാധിനിധ്യം നല്‍കുന്നതില്‍ പ്രമേയം പാസാക്കി. മത്സരിക്കേണ്ട നേതാക്കളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്. ഒ.ജെ ജനീഷ്, അബിൻ വർക്കി, കെ.എം അഭിജിത്ത്, അരിത ബാബു, ബിനു ചുള്ളിയിൽ, ശ്രീലാൽ ശ്രീധർ, ജിൻഷാദ് ജിന്നാസ്, ജോമോൻ ജോസ്, ജയഘോഷ് തുടങ്ങിയവരെ മത്സരിപ്പിക്കാനാണ് നീക്കം.
കൊടുങ്ങല്ലൂർ, ചെങ്ങന്നൂർ, ആറൻമുള, നാദാപുരം /കൊയിലാണ്ടി, അരൂർ, തൃക്കരിപ്പൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ധാരണയായിരിക്കുന്നത്.
അതേസമയം, കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗം തന്നെ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി കേരളത്തിലെത്തി നടപടികള്‍ തുടങ്ങുകയാണ്. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും. തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് സാധ്യത.
രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എ.ഐ.സി.സി നിരീക്ഷകരും ഉടന്‍ കേരളത്തിലെത്തും. കനഗോലുവിന്‍റെ റിപ്പോര്‍ട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാന വിഷയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

