ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ യുവജന സമൂഹം പങ്കാളികളാകണം -മുഖ്യമന്ത്രി
text_fieldsകോഴിക്കോട് ബീച്ചിൽ എം.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ഫാഷിസത്തിനെതിരായ പോരാട്ടങ്ങളിൽ വിദ്യാർഥി, യുവജന സമൂഹം പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഏകാധിപതികളായ ഭരണാധികാരികൾക്കെതിരെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ധീരമായ പങ്കാളിത്തമുണ്ടാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോഴിക്കോട് കടപ്പുറത്ത് മൂന്നുദിവസം നീണ്ട മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫാസിസത്തിനെതിരായ പോരാട്ടത്തിനിറങ്ങുമ്പോൾ ഫാസിസ്റ്റുകൾ എല്ലാ കാലത്തും ഭീരുക്കളാണെന്ന തിരിച്ചറിവുണ്ടാവണം.
അവർക്കെതിരെ പോരാടുന്നവരാണ് ധീരൻമാർ. ലോകത്ത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജനാധിപത്യത്തിന്റെ ശക്തമായ തിരിച്ചുവരവുണ്ടായി. 21ാം നൂറ്റാണ്ടിൽ ലോകത്ത് ഏകാധിപത്യം വീണ്ടും തിരിച്ചുവരികയാണ്. കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾകൊണ്ട് എം.എസ്.എം വിദ്യാർഥിസമൂഹം മുന്നേറണം. ദേശീയ സ്വാതന്ത്ര്യസമരത്തിൽ മഹാരഥൻമാരെ സംഭാവനചെയ്ത പൈതൃകമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റേതെന്നും വി.ഡി. സതീശൻ പറഞ്ഞു.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷതവഹിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ആൾ ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗലി ഇമാം മഹ്ദി അസ്സലഫി എന്നിവർ അതിഥികളായിരുന്നു.
കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ എം.എൽ.എ, കെ.പി. നൗഷാദലി എം.എൽ.എ, അഡ്വ. ഫൈസൽ ബാബു എം.എൽ.എ, കെ.ജെ.യു പ്രസിഡന്റ് പി.പി. മുഹമ്മദ് മദനി, സെക്രട്ടറി ഹനീഫ് കായക്കൊടി, കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, വൈസ് പ്രസിഡന്റുമാരായ ഡോ. ഹുസൈൻ മടവൂർ, അഷ്റഫ് ഒമാൻ, സെക്രട്ടറിമാരായ ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എം. സ്വലാഹുദ്ദീൻ മദനി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ, ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. സുഹ്ഫി ഇംറാൻ, ജനറൽ സെക്രട്ടറി ജംഷീദ് ഇരിവേറ്റി, ട്രഷറർ ഡോ. ഷഫീഖ് ഹസ്സൻ, വൈസ് പ്രസിഡന്റ് ഡോ. മഹ്സൂം അഹ്മദ്, അൻസാർ നന്മണ്ട എന്നിവർ സംസാരിച്ചു.

