തട്ടിപ്പ് പണം പിൻവലിക്കാൻ ഇടനിലക്കാരനായി; 1.34 കോടി രൂപയുടെ ഓഹരി വിപണി തട്ടിപ്പിൽ യുവാവ് അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: ഷെയർ ട്രേഡിങ്ങിലൂടെ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കാറളം സ്വദേശിയിൽനിന്ന് 1,34,50,000 രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ കടുപ്പശ്ശേരി അടമ്പുകുളം വീട്ടിൽ ആസ്റ്റൽ ഡേവിഡിനെ (27) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായാണ് കാറളം സ്വദേശി തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നത്. തുടർന്ന് ബി1 ഗോൾഡ് സ്റ്റോക്ക് ഇൻവെസ്റ്റർ ഡിസ്കഷൻ ഗ്രൂപ്പ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇയാളെ ചേർത്ത് ഷെയർ ട്രേഡിങ് നടത്തുന്നതിനെന്ന് പറഞ്ഞ് വ്യാജ ലിങ്കും നിർദേശങ്ങളും ഗ്രൂപ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചുകൊടുത്ത് ഷെയർ ട്രേഡിങ് നടത്തിപ്പിച്ചു.
ഇത്തരത്തിൽ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31വരെയുള്ള കാലയളവുകളിലായി ഇരിങ്ങാലക്കുടയിലെ വിവിധ ബാങ്കുകളിൽനിന്ന് പല തവണകളായാണ് കാറളം സ്വദേശിയുടെ 1,34,50,000 രൂപ തട്ടിപ്പുകാർ കൈക്കലാക്കിയത്.
ഈ പണത്തിലുൾപ്പെട്ട ഒമ്പത് ലക്ഷം രൂപ ഇരിങ്ങാലക്കുടയിലെ ഒരു പ്രമുഖ ബാങ്കിലെ ബ്രാഞ്ചിൽനിന്നും എട്ടര ലക്ഷം രൂപ കൊമ്പൊടിഞ്ഞാമാക്കലിലെ ബ്രാഞ്ചിൽനിന്നും പിൻവലിക്കുന്നതിന് ഇടനിലക്കാരനായി നിന്നത് ആസ്റ്റല്‍ ഡേവിഡ് ആയിരുന്നു. ഇതിന്റെ കമീഷനായി 10,000 രൂപ കൈപ്പറ്റി. തട്ടിപ്പിന് കൂട്ടുനിന്ന കേസിലാണ് ആസ്റ്റൽ ഡേവിഡിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ആസ്റ്റലിനെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.