സ്ത്രീകൾക്ക് ഒരുലക്ഷം രൂപവരെ വായ്പ: പുതിയ തട്ടിപ്പുമായെത്തി പണം അടിച്ചുമാറ്റിയ യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ യോഗിപതി
തുറവൂർ: സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകാമെന്നു പറഞ്ഞ് 31 പേരിൽനിന്ന് 30,000 രൂപയോളം തട്ടിയകേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശി യോഗിപതി(30)യെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
തുറവൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ വളമംഗലം വടക്ക് ആഞ്ഞിലിക്കാപ്പള്ളി കോളനിയിലാണ് തട്ടിപ്പ് അരങ്ങേറിയത്. ശാസ്താ ഫൈനാൻസെന്ന സ്ഥാപനത്തിൻറെ നോട്ടീസുമായാണ് ജൂണിൽ രണ്ടുപേർ പ്രദേശത്തെത്തിയത്. സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ നൽകാമെന്നും 4,800 രൂപ വച്ച് 24 മാസം കൊണ്ട് അടച്ചു തീർത്താൽ മതിയെന്നുമായിരുന്നു ഇവർ പറഞ്ഞത്.
31 സ്ത്രീകൾ ആധാറും മറ്റു രേഖകളും നൽകി. വായ്പ ലഭിക്കണമെങ്കിൽ ഓരോരുത്തരും സർവിസ് ചാർജായി 950 രൂപ വീതം കമ്പനിയുടെ അക്കൗണ്ടിൽ മുൻകൂർ അടക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തിൽ രണ്ടു ബാങ്കുകളിൽ നിന്നായി കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു.
എന്നാൽ, പിന്നീട് ഫിനാൻസ് സ്ഥാപത്തിന്റെ ആളുകൾ ആ വഴി വന്നില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായപ്പോൾ നോട്ടീസിൽ രേഖപ്പെടുത്തിയ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. അപ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായെന്ന വിവരം സ്ത്രീകൾക്ക് മനസിലായത്. തുടർന്ന് പഞ്ചായത്തംഗം സുദർശനന്റെ നേതൃത്വത്തിൽ പരാതി തയാറാക്കി കുത്തിയതോട് പൊലീസിൽ നൽകി. കുത്തിയതോട് സി.ഐ ഫൈസൽ, എസ്.ഐ രാജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ ആനന്ദ്, നിധിൻ, മനേഷ് കെ. ദാസ് എന്നിവരാണ് അന്വേഷണത്തിലുണ്ടായിരുന്നത്.