ശീട്ടുകളിക്കിടെ പൊലീസിനെ കണ്ട് ഓടി; തുടയിൽ കമ്പി കയറി പരിക്ക്
text_fieldsപെരിന്തല്‍മണ്ണ: ശീട്ടുകളിക്കുന്നവരെ പിടിക്കാനെത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയയാള്ക്ക് താഴ്ചയിലേക്ക് വീണ് പരിക്കേറ്റു. തുടയില്‍ കമ്പി കുത്തിക്കയറി ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ അസീസിനാണ് (50) പരിക്കേറ്റത്. ഇയാളെ പൊലീസ് പെരിന്തല്‍മണ്ണയിൽ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് താഴെ നേരത്തേ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു സംഭവം.
ഇവിടെ പണംവെച്ച് ശീട്ടുകളി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലയിലും സംഘവും പരിശോധനക്കെത്തിയത്. പൊലീസിനെ കണ്ടതോടെ അബ്ദുൽ അസീസ് കെട്ടിടത്തിന് പിന്നിലെ മതില്‍ചാടുകയായിരുന്നു. നടത്തിപ്പുകാരനായ രാമപുരം സ്വദേശി അടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു. 7100 രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ശീട്ടുകളി നടത്താൻ അനുമതിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നടത്തിപ്പുകാരന് കളി നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
