ആലിൻ എരിഞ്ഞു, നാലു തിരികൾ തെളിച്ച്; സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവ ദാതാവ്
text_fieldsകൊച്ചി: തന്നെപ്പോലെയുള്ള നാലു കുരുന്നു തുടിപ്പുകളെ ജീവിതതീരത്തടുപ്പിച്ച് ആലിനെന്ന പത്തു മാസക്കാരി യാത്രയായി. വാഹനാപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആലിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കൾ അരുൺ എബ്രഹാമും ഷെറിനും അവളിലുടെ നാലു പേർ ജീവിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് 2.30ഓടെ എം.സി റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപം ആലിനും മാതാവും മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ആദ്യം ചങ്ങനാശ്ശേരിയിലും പിന്നീട് തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയുടെ പിതാവിന്റെ സമ്മതം വാങ്ങി കെസോട്ടോ വഴി അവയവദാനം ഏകോപിപ്പിക്കുകയായിരുന്നു.
ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കുമാണ് എത്തിക്കുക. കണ്ണുകൾ നേത്ര ബാങ്കിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

