കൊള്ളസംഘമെന്ന വിവരം; കാറിൽ സഞ്ചരിച്ച രണ്ട് യുവതികൾ ആഭരണങ്ങളുമായി കസ്റ്റഡിയിൽ
text_fieldsകാഞ്ഞങ്ങാട്: കോഴിക്കോട്ട് കൊള്ള നടത്തിവരികയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, കാറിൽ സഞ്ചരിച്ച രണ്ട് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ പക്കൽ ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ പുതിയകോട്ട ടൗണിൽനിന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി. അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി പൊലീസുകാരുടെ സഹായത്തോടെയാണ് കാർ വളഞ്ഞ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, യുവതികൾ കൊള്ളയടിച്ച് കാറിൽ രക്ഷപ്പെടുകയാണെന്ന് വിവരം നൽകിയയാളെ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഗൾഫിൽനിന്നോ മറ്റോ കടത്തിക്കൊണ്ടുവന്ന സ്വർണമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
യുവതികൾക്ക് പുറമേ ടാക്സിയുടെ ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട്ടുനിന്നും പുറപ്പെട്ട കാറിനെ കണ്ണൂരിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽവെച്ച് പൊലീസ് പിടികൂടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. തുടർന്നാണ് കാഞ്ഞങ്ങാട്ടുവെച്ച് പിടിയിലാവുന്നത്. ഇവർ കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ പോവുകയാണെന്നാണ് സൂചന. കോഴിക്കോട്ടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് വിവരം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.