ലോഡ്‌ജിൽ യുവതി കുത്തേറ്റ് മരിച്ചനിലയിൽ, മധ്യവയസ്‌കൻ തൂങ്ങിമരിച്ചനിലയിലും
text_fields(Representative Image)
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്‌ജിൽ യുവതിയെ കഴുത്തിന് കുത്തേറ്റ് മരിച്ചനിലയിലും മധ്യവയസ്‌കനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. പേയാട് പനങ്ങോട് ആലന്തറക്കോണത്ത് സി. കുമാർ (52), പേയാട് ചെറുപാറ എസ്.ആർ ഭവനിൽ ആശ (42) എന്നിവരാണ് മരിച്ചത്.
യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതാകാമെന്ന് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള കൊടിയിൽ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. തമ്പാനൂർ എസ്.എച്ച്.ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
ആശയെ കാണാനില്ലെന്ന് കെട്ടിട നിർമാണ തൊഴിലാളിയായ ഭർത്താവ് സുനിൽ കുമാർ ശനിയാഴ്ച രാത്രി വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പാങ്ങോട് സൈനിക ക്യാമ്പിൽ കരാർ തൊഴിലാളിയായ ആശ, ജോലിക്ക് പോയശേഷം വന്നില്ലെന്നായിരുന്നു പരാതി. സ്വകാര്യ വാർത്ത ചാനലിൽ ജീവനക്കാരനായ കുമാർ ഭാര്യയുമായി പിരിഞ്ഞ് നാലുവർഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റക്കാണ് താമസം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കുമാർ ലോഡ്‌ജിൽ മുറിയെടുത്തത്. ശനിയാഴ്ച രാവിലെയോടെ ആശ ഇവിടെ എത്തി. പിന്നീട്, ഇവരെ പുറത്ത് കണ്ടിട്ടില്ലെന്നും മുറിയിൽ നിന്ന് ബഹളമൊന്നും കേട്ടില്ലെന്നും ലോഡ്‌ജ് ജീവനക്കാർ പറഞ്ഞു. ഞായറാഴ്ച രാവിലെ മുറി വൃത്തിയാക്കാൻ കതകിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന്, പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
രാവിലെ ഏഴോടെ, പൊലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

