യുവതിയുടെ മരണം പാമ്പുകടിയേറ്റ്; താലൂക്ക് ആശുപത്രി വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകായംകുളം: കൊറ്റുകുളങ്ങരയിൽ വിവാഹ സൽക്കാരത്തിനെത്തിയ യുവതിയുടെ മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. ആന്തരികാവയവങ്ങളുടെ സാമ്പിൾ വിദഗ്ധ പരിശോധക്കയച്ചു. പാമ്പുകടിയേറ്റെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ കായംകുളം താലൂക്ക് ആശുപത്രിയുടെ വാദം പൊളിഞ്ഞു.
ആറാട്ടുപുഴ കാപ്പൂരിക്കാട്ടിൽ നാജിമിന്റെ ഭാര്യ സലീനയുടെ (42) ശരീരത്തിൽ വിഷാംശം കലർന്നതായി ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരിച്ചത്. ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളും വിഷാംശ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഇവർക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് കൊറ്റുകുളങ്ങര പാഞ്ചേരിൽ പുരയിടത്തിൽവെച്ച് സലീനക്ക് പാമ്പുകടിയേറ്റത്. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും ഇവിടെ ശരിയായചികിത്സ നൽകിയില്ലെന്നാണ് ആക്ഷേപം. രക്തപരിശോധയിൽ വിഷാംശം കണ്ടെത്താൻ കഴിയാത്തതാണ് ചികിത്സക്ക് തടസ്സമായതെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. മുറിവിൽനിന്ന് ചോരപൊടിയുകയോ, നീരോ ഇല്ലായിരുന്നു. ഇതാണ് കൂടുതൽ പരിശോധനക്ക് കാരണമായതെന്നാണ് ആർ.എം.ഒ പറഞ്ഞത്.
ആശുപത്രിയിൽ ആന്റിവെനം ഉണ്ടായിട്ടും ഉപയോഗിക്കാതിരുന്നത് ചികിത്സാപിഴവായി വിലയിരുത്തുന്നു. ആശുപത്രിയിലെത്തി ഒരുമണിക്കൂറിന് ശേഷമായിരുന്നു യുവതിയുടെ മരണം. രോഗിയുടെ ശാരീരികാവസ്ഥ മനസ്സിലാക്കി ചികിത്സ നിശ്ചയിക്കുന്നതിലും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലും വീഴ്ചയുണ്ടായെന്ന് പരാതിയുണ്ട്. എന്നാൽ, മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ മൃതദേഹത്തിൽ വിഷാശം കണ്ടെത്തിയെന്ന് വ്യക്തമായെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. താലൂക്കാശുപത്രിക്കെതിരെ ജനരോഷം ഉയരാതിരിക്കാനുള്ള കരുതലാണിതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

