യുവതിയും പിഞ്ചുകുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ
text_fieldsകോഴിക്കോട്: യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടികൃഷ്ണന്റെ മകളും മുചുകുന്ന് മനോളി ലിനീഷിന്റെ ഭാര്യയുമായ ഗ്രീഷ്മയെയും (36) മൂന്നു മാസം പ്രായമായ പെൺകുഞ്ഞിനെയുമാണ് വീടിന് തൊട്ടടുത്ത കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്.
വീട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷ സേനയും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് മേപ്പയൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഗ്രീഷ്മ കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടുകയായിരുന്നെന്നാണ് സംശയം. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

