നാദാപുരത്ത് കോളജ് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപിച്ച് യുവാവിന്റെ ആത്മഹത്യശ്രമം
text_fieldsനാദാപുരം: നാദാപുരത്ത് കോളജ് വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ യുവാവിന്റെ ശ്രമം. ഗുരുതര പരിക്കേറ്റ കല്ലാച്ചി ഹൈടെക് കോളജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി പേരോട്ടെ തട്ടിൽ അലിയുടെ മകൾ നയിമ (19)യെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം കൈഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ച മൊകേരി മുറവശ്ശേരി സ്വദേശി എച്ചിറോത്ത് റഫ്നാസിനെ (22) നാട്ടുകാർ കീഴടക്കി പൊലീസിൽ ഏൽപിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പേരോട് പാറക്കടവ് റോഡിൽ നയിമയുടെ വീടിനടുത്താണ് സംഭവം. കോളജിൽനിന്ന് ക്ലാസ് കഴിഞ്ഞ് പേരോട് ബസ് ഇറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ വീടിന് ഏതാനും മീറ്റർ അകലെ വെച്ചാണ് യുവാവ് വെട്ടിയത്. സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കാത്തുനിന്ന റഫ്നാസ് കൈയിൽ കരുതിയ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു.
പെൺകുട്ടിയുടെ തലയുടെ പിൻവശത്തും ശരീരത്തിലുമായി എട്ടോളം മുറിവുകളുണ്ട്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ബൈക്കിൽനിന്ന് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച പെട്രോളും തുണിക്കഷണങ്ങളും പൊലീസ് കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാനായിരുന്നു യുവാവിന്റെ തീരുമാനമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആക്രമണത്തിനിടയിൽ കൈക്ക് മുറിവേൽപിച്ച യുവാവിനെ വടകര ആശുപത്രിയിലേക്ക് മാറ്റി.
റഫ്നാസ് കല്ലാച്ചിയിലെ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തു വരുകയാണ്. ഇവർ തമ്മിൽ മുൻപരിചയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ്, സി.ഐ ഫായിസ് അലി, എസ്.ഐ ആർ.എൻ. പ്രശാന്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

