വിവസ്ത്രനായ നിലയിൽ യുവാവിന്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് സംശയം
text_fieldsപത്തനംതിട്ട: കോന്നിക്ക് സമീപം കെ.ഐ.പി കനാലിൽ വിവസ്ത്രനായ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28)വിന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെയോടെ കനാലിൽ കണ്ടെത്തിയത്. പൊലീസിനെ ആക്രമിച്ചത് ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു.
രണ്ട് ദിവസം മുൻപ് അനന്തുവിനെ കാണാനില്ല എന്ന് ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. മൃതദേഹത്തിൽ അസ്വഭാവിക മുറിവുകൾ ഉള്ളതായി ദൃക്സാക്ഷികൾ പറഞ്ഞു. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
മൃതശരീരം കിടന്നതിന്റെ അൽപം മുകളിലായി കനാലിൻറെ പടവുകളിൽ രക്തം കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന സംശയം ശക്തമാക്കിയിട്ടുണ്ട്. കൂടൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

