അർധരാത്രി കത്തിയുമായി യുവാവിന്‍റെ പരാക്രമണം; ചെവിയറ്റ ഭാര്യയുടെ നില ഗുരുതരം, ആറ് വയസ്സുകാരനും പരിക്ക്
text_fieldsപ്രതി പ്രിയേഷ്
തേഞ്ഞിപ്പലം (മലപ്പുറം): കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മകനെയും അർധരാത്രി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുർവേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപ്പരുത്തി സിന്ധു (42), മകൻ അഭിരാം (ആറ്) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോൽ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് ഇൻസ്‌പെക്ടർ എസ്. അഷ്റഫ് അറസ്റ്റ് ചെയ്തത്.
ഇവർ വാടകക്ക് താമസിക്കുന്ന മാതാപ്പുഴ കൊളത്തോടുള്ള വീട്ടിൽ വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം. സിന്ധുവും മകനും ഒരു മുറിയിലാണ് കിടന്നുറങ്ങിയത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ പ്രിയേഷ് വെട്ടുകത്തിയുമായെത്തി സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. മകൻ അഭിരാമിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു.
വെട്ടേറ്റ അഭിരാം പ്രാണരക്ഷാർത്ഥം ഓടി സമീപമുള്ള മുരളിയുടെ വീട്ടിലെത്തി ഉറക്കെ കരഞ്ഞു. കരച്ചിൽ കേട്ടുണർന്ന് വാതിൽ തുറന്ന് പുറത്തേക്ക് വന്ന മുരളിയോട് വിവരം പറഞ്ഞു. ഉടൻ സംഭവ സ്ഥലത്തെത്തിയെങ്കിലും കൈയിൽ കത്തിയുമായി നിൽക്കുന്ന പ്രിയേഷിനെ കീഴടക്കാനായില്ല. തുടർന്ന് അടുത്തുള്ള വീട്ടുകാരെ വിളിച്ചുണർത്തി വരുത്തിയ ശേഷമാണ് ഇയാളെ കീഴടക്കിയത്.
വിവരമറിഞ്ഞെത്തിയ തേഞ്ഞിപ്പലം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഓടിക്കൂടിയ അയൽവാസികളാണ് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സിന്ധുവിന്‍റെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അഭിരാമിന്‍റെ പരിക്ക് ഗുരുതരമല്ല. കുട്ടിയുടെ കൈയിനാണ് പരിക്ക്. വിവിധ ഭാഗങ്ങളിലായി ഏഴോളം വെട്ടുകളാണ് സിന്ധുവിന്‍റെ ശരീരത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ഒരു ചെവി വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്.
പരിശോധനയിൽ പ്രിയേഷിന്‍റെ സ്കൂട്ടറിൽനിന്ന് പുതിയ വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. വള്ളിക്കുന്ന് കൊടക്കാട് താമസിക്കുന്നതിനിടെ ഇവർ തമ്മിലുണ്ടായ കുടുംബവഴക്ക് പരപ്പനങ്ങാടി പൊലീസ് ഇടപെട്ട് പറഞ്ഞ് തീർത്തിരുന്നു. സംഭവത്തിന് ഇപ്പോഴുണ്ടായ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കസ്റ്റഡിയിലെടുത്ത പ്രിയേഷിന്‍റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
പ്രതിയെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. സയന്‍റിഫിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടിയുടെ മകളാണ് സിന്ധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

