ബാറിലെ മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതി പിടിയിൽ
text_fieldsപത്തനംതിട്ട: ബാറിലെ മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. ചെന്നീർക്കര മുട്ടത്തുകോണം ഓവിൽപീടിക ചെല്ലക്കുളഞ്ഞി വീട്ടിൽ മുരളീധരൻ ആചാരിയെയാണ് (56) ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇലവുംതിട്ട നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ തങ്കപ്പന്റെ മകൻ അജിയാണ് (41) കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നുശേഷം ഇലവുംതിട്ട ജങ്ഷനിലെ അർബൻ ബാറിന്റെ കൗണ്ടറിലേക്കുള്ള വഴിയിൽവെച്ചായിരുന്നു യുവാവിനെ മർദിച്ചത്. മുരളീധരന്റെ ബന്ധു സുന്ദരേശനെ12വർഷം മുമ്പ്, അജിയും മറ്റ് രണ്ടുപേരും ചേർന്ന് മർദിച്ചതിന്‍റെ വിരോധമായിരുന്നു ആക്രമണത്തിന് കാരണം.
അടികൊണ്ട് നിലത്തുവീണ ഇയാളുടെ തല തറയിലിടിച്ചു. വീട്ടിലെത്തിയ ഇയാളുടെ മുഖത്തും മറ്റും നീരുവെച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മേസ്തിരിപ്പണിക്കാരനായ അജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ഡി. ദീപയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.