ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsചാരുംമൂട്: ഭിന്നശേഷിക്കാരി യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് സ്വദേശി പ്രണവിനെയാണ് (27) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദ സംഭവം. പിടിവലിക്കിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ വീണിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയിലായ യുവതിയെ പ്രതിയായ പ്രണവിന്‍റെ വീട്ടിൽനിന്നും ദേഹമാസകലം മുറിവുകളുമായി കണ്ടെത്തിയത്. തുടർന്ന് യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്. കൃത്യം നടക്കുമ്പോൾ അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയുടെ അമിത ലഹരി ഉപയോഗവും ഉപദ്രവവും കാരണം പ്രണവിന്‍റെ വീട്ടുകാർ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയാണ്.
പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. നൂറനാട് സി.ഐ ശ്രിജിത്, എസ്.ഐ നിധീഷ്, എസ്.ഐ പുഷ്പൻ, എ.എസ്.ഐമാരായ ബിന്ദു രാജൻ, രാജേന്ദ്രൻ, സി.പി.ഒമാരായ വിൻജിത്, വിഷ്ണു, ശ്രീകല എന്നിവർ നേതൃത്വം നൽകി.

