ട്രെയിനിൽ യുവാവ് യാത്രക്കാരനെ കുത്തിപ്പരിക്കേൽപിച്ചു
text_fieldsപ്രതി സിയാദ്
ഷൊർണൂർ: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചയാളെ യുവാവ് കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. പ്രതി ഗുരുവായൂർ തൈക്കാട് രായമരക്കാർ വീട്ടിൽ സിയാദിനെ (33) ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി.
സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച രാത്രി 10.40ഓടെ എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസിലാണ് കൃത്യം നടന്നത്.
പ്രതി സിയാദ് ട്രെയിൻ യാത്രക്കിടെ തൃശൂരിലെത്തിയപ്പോൾ സ്ത്രീകളോട് അസഭ്യം പറയുകയും അവരുടെ അടുത്തുപോയിരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് സഹയാത്രികരിലൊരാൾ തടഞ്ഞു.
തുടർന്ന് ഷൊർണൂരെത്തുന്നതുവരെ കശപിശ നടന്നു. ഷൊർണൂരിൽ ട്രെയിനിറങ്ങിയ പ്രതി ബിയർ കുപ്പി പൊട്ടിച്ച് ബോഗിയുടെ വാതിൽക്കൽ നിൽക്കുകയായിരുന്ന ആളെ കുത്തുകയായിരുന്നു. വലത്തെ കണ്ണിന് താഴ്ഭാഗത്തായി സാരമായി മുറിവേറ്റയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിടിവലിക്കിടയിൽ പ്രതിയുടെ വലത്തെ കൈക്കും മുറിവേറ്റിരുന്നു.

