ബാറിന് മുന്നിൽ യുവാവിന്റെ കൊലപാതകം: മരണ കാരണം വാരിയല്ല് ഒടിഞ്ഞ് തറച്ചുകയറിയതിനാൽ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മർദനത്തിൽ യുവാവിന്‍റെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികമായി നിരവധി പരിക്കുകളുള്ളതായും നെഞ്ചിൽ രക്തസ്രാവമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. നെഞ്ചനേറ്റ മർദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പറയുന്നു. വിഴിഞ്ഞത്ത് ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം.
വിഴിഞ്ഞം സ്വദേശി സുമന്‍റെ കൊലപാതകത്തിൽ അച്ചു, അനന്തു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ ഇരുവരും സഹോദരങ്ങളാണ്. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് ഇന്നലെ രാത്രി നടന്നത്. പത്തിലധികം ആളുകള്‍ കൂടി നിൽക്കെയാണ് സംഭവം. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നത് ആരും തടയാൻ ശ്രമിക്കുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല. പകരം മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ എടുത്തു. വിഴിഞ്ഞം മുക്കോലയിലെ ബാര്‍ ഹോട്ടലിൽ മദ്യപിക്കവേ, പ്രതി അച്ചുവും സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന ഷാനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് കൈയാങ്കളിയിലേക്ക് നീണ്ടു. ഇവരുമായി ഒരു ബന്ധവും ഇല്ലാത്ത സുമൻ, തര്‍ക്കത്തിൽ ഇടപെട്ടു. ഇതോടെ അച്ചുവും സുമനും തമ്മിലായി അടിപിടി. രാത്രി 12 മണിയോടെ ഇരുവരും പുറത്തേക്ക് വന്നു.
ഹോട്ടലിന് മുന്നിൽ വെച്ച് സുമൻ അച്ചുവിനെ തല്ലി. അച്ചു വീട്ടിലായിരുന്ന സഹോദരന് അനന്തുവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സുമനെ തല്ലിച്ചതച്ചു. സുമൻ നേരിട്ട ക്രൂരമർദനം വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. സംഭവം നടക്കുമ്പോള്‍ രണ്ട് ബാര്‍ ജീവനക്കാര്‍ മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് ചോദ്യം ചെയ്ത് പ്രതികള്‍ ജീവനക്കാര്‍ക്കുനേരെ വന്നതോടെ ബാറിലെ ബൗണ്‍സര്‍, കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇതോടെ പ്രതികള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. എന്നാൽ, രാത്രി തന്നെ പൊലീസ് പ്രതികളെ പിടികൂടി. അച്ചുവും അനന്തുവും അടക്കം നാലു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിഷു ആഘോഷത്തിനെ തുടർന്ന് ബാറിലെത്തിയ ഇവർ മദ്യപിക്കുകയും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിൽ തലക്ക് ഗുരുതരമായ പരിക്കേൽക്കേറ്റ് ബോധം നഷ്ടപ്പെട്ട യുവാവിനെ വിഴിഞ്ഞം പൊലിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്രൂരമായ മർദ്ദത്തിനിടെ യുവാവിന്‍റെ നെഞ്ചിനും മുഖത്തും പരിക്കുകൾ സംഭവിക്കുകയും കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുന്നതും തലക്ക് നിരന്തരം മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

