കോട്ടപ്പാറ വ്യൂപോയിന്റിൽ പുലർച്ചെ എത്തിയ യുവാവ് 70 അടി താഴ്ച്ചയിലേക്ക് വീണു
text_fieldsഇടുക്കി കോട്ടപ്പാറ വ്യൂ പോയന്റിൽ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷിക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം
തൊടുപുഴ: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയെ ഓർമിപ്പിക്കുന്ന രക്ഷാപ്രവർത്തനം, മൂന്നുമണിക്കൂറോളം നീണ്ട ആശങ്കക്കൊടുവിൽ പുതുജീവിതം, ആശ്വാസത്തിൽ രണ്ട് കൂട്ടുകാർ, ഹീറോയായി അഗ്നിരക്ഷാ സേനയും പൊലീസും... ശനിയാഴ്ച പുലർച്ച വണ്ണപ്പുറത്തിന് സമീപത്തെ കോട്ടപ്പാറ വ്യൂ പോയന്റ് സാക്ഷ്യംവഹിച്ചത് അതിദുർഘടമായ രക്ഷാപ്രവർത്തനത്തിന്.
ഇരുട്ടും വഴുക്കലുള്ള പാറകളും അടക്കം പ്രതിസന്ധികൾ മറികടന്നാണ് തൊടുപുഴ ചീങ്കൽ സിറ്റി അറയ്ക്കത്തോട്ടത്തിൽ സാംസൺ ജോർജിനെ (23) രക്ഷിക്കാനായത്. കൊക്കയിൽനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട യുവാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവാവിനെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അടക്കമുള്ളവർ
കോട്ടപ്പാറ വ്യൂ പോയന്റ് കാണാനാണ് സാംസൺ രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തിയത്. അർധരാത്രിയോടെ വ്യൂ പോയന്റിൽ എത്തിയ സാംസൺ പുലർച്ച 3.15ഓടെ കാൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. 70 അടി താഴ്ചയിൽ പാറയും പുല്ലും നിറഞ്ഞ് ചതുപ്പുപോലെയായ ഭാഗത്ത് തങ്ങിനിന്നു. സുഹൃത്തുക്കൾ ഉടൻ പൊലീസ് കൺട്രോൾ റൂമിലും അവിടെനിന്ന് കാളിയാർ പൊലീസിനെയും അറിയിച്ചു. പൊലീസിന്റെ വിളി തൊടുപുഴ അഗ്നിരക്ഷാ സേനക്ക് പുലർച്ച 3.20നാണ് ലഭിച്ചത്. ഉടൻ പുറപ്പെട്ട രണ്ട് യൂനിറ്റ് സേന 3.45ഓടെ സംഭവസ്ഥലത്തെത്തി.
കനത്ത ഇരുട്ടും കോടയും വഴുക്കുന്ന പാറകളും വെല്ലുവിളി സൃഷ്ടിച്ചെങ്കിലും പ്രാഥമിക തിരച്ചിലിൽ യുവാവിനെ കണ്ടെത്തി. ഒരുകിലോമീറ്ററോളം ചെങ്കുത്തായ അപകടം നിറഞ്ഞ വഴിയിലൂടെയാണ് സേന യുവാവിന്റെ അടുത്ത് നടന്നെത്തിയത്. കാൽ തെന്നിയാൽ അഗാധമായ കൊക്കയിലേക്ക് പതിക്കാവുന്ന വഴിയിലൂടെ യുവാവിനെ മുകളിലേക്ക് എത്തിക്കൽ പ്രയാസമായിരുന്നു. വീഴ്ചയിൽ ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.
അസി. സ്റ്റേഷൻ ഓഫിസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ടി. അലക്സാണ്ടർ, സീനിയർ ഓഫിസർമാരായ (ഗ്രേഡ്) ബിബിൻ എ. തങ്കപ്പൻ, സി.എസ്. എബി, ഓഫിസർമാരായ ശരത് എസ്., ഷിബിൻ ഗോപി, ടി.കെ. വിവേക്, ബി. ആഷിഖ്, ഡ്രൈവർ ലിബിൻ ജയിംസ്, അനിൽ നാരായണൻ, ഹോം ഗാർഡുമാരായ പി.കെ. ഷാജി, പ്രമോദ് കെ.ആർ. എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

