സുഹൃത്തിന്‍റെ മകളുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
text_fieldsപുഴയിൽ മുങ്ങി മരിച്ച ബിനോയ്
കുന്നുകര: സുഹൃത്തിന്‍റെ മകളുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ആലപ്പുഴ അരൂർ വട്ടക്കേരി ക്ഷേത്രത്തിന് സമീപം വെട്ടിപ്പോക്കിത്തറ വീട്ടിൽ വക്കച്ചന്‍റെയും തങ്കമ്മയുടെയും മകൻ ബിനോയ് വർഗീസാണ് (29) മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ കുന്നുകരയിലുള്ള സുഹൃത്ത് എബിന്‍റെ മകളുടെ മാമോദീസ ചടങ്ങിൽ കൂട്ടുകാർക്കൊപ്പം എത്തിയതായിരുന്നു. വൈകിട്ട് 3.30ഓടെ എബിന്‍റെ വീടിനടുത്തുള്ള അങ്കമാലി - മാഞ്ഞാലിത്തോടിന്‍റെ കൈവഴിയായ കളത്തിക്കടവിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി. നീന്തൽ അറിയാത്ത ബിനോയ് 15 അടിയോളം ആഴമുള്ള പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നുവത്രെ.
സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. സംഭവമറിഞ്ഞ് പറവൂരിൽ നിന്ന് അഗ്നി രക്ഷ സേന അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ്കുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ബിനോയ്. മൃതദേഹം ചാലാക്കൽ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചെങ്ങമനാട് പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. അവിവാഹിതനാണ്. സഹോദരിമാർ: ബിൻസി ഷിജു, ബിജിത.