ലോറിക്ക് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം, രണ്ടുപേരെ രക്ഷപ്പെടുത്തി; അപകടം കുമളി ടൗണിനുസമീപം
text_fieldsകുമളി: ടൗണിൽ സംസ്ഥാന അതിർത്തിയിലെ തമിഴ്നാട് ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ മുകളിൽ മരങ്ങൾ വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി ചൂളപ്പറമ്പിൽ മനോജ് കുമാറിന്‍റെ മകൻ ശ്രീജിത്താണ് (19) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.
ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ചങ്ങനാശ്ശേരി സ്വദേശി വിപിൻ (മനോജ് -40), റോഷൻ (50) എന്നിവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. ചങ്ങനാശ്ശേരിയിൽനിന്നുള്ള വാഹനം പാലായിൽനിന്ന് തേനി പെരിയകുളത്തേക്ക് പാഴ്ത്തടികൾ കയറ്റി പോകുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 9.30ഓടെ കുമളിയിലെ തമിഴ്നാട് അതിർത്തിയിലെത്തിയ വാഹനം ബ്രേക്ക്ഡൗണായതിനെ തുടർന്ന് നിർത്തിയിടുകയായിരുന്നു.
വാഹനം നന്നാക്കാൻ മെക്കാനിക്കിനെ കാത്ത് മൂവരും വാഹനത്തിൽ ഇരിക്കുമ്പോഴാണ് അപകടം. വനമേഖലയിൽനിന്ന് ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിയും ആൽമരവുമാണ് ലോറിയിൽ വീണത്. കാബിന് മുകളിൽ മരം വീണതോടെ ഹോൺ നിർത്താതെ മുഴക്കി അപകടം മറ്റുള്ളവരെ അറിയിച്ചതോടെയാണ് നാട്ടുകാർ ഓടിയെത്തി ഗ്ലാസ് തകർത്ത് രണ്ടുപേരെ രക്ഷപ്പെടുത്തിയത്.
എന്നാൽ, അപകടസമയത്ത് വാഹനത്തിൽ കിടക്കുകയായിരുന്ന ശ്രീജിത്തിനെ രക്ഷപ്പെടുത്താനായില്ല. ശ്രീജിത്തിന്‍റെ മുഖത്തേക്ക് ബാഗ് വീഴുകയും ഇതിനുമുകളിലേക്ക് ലോറിയുടെ മേൽത്തട്ട് അമരുകയും ചെയ്തതോടെ ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
അപകടത്തെതുടർന്ന് തേനി, പീരുമേട് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന, ദ്രുതകർമ സേന, പൊലീസ്, വനം ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി.
വൻമരങ്ങൾ പൂർണമായും മുറിച്ചുനീക്കിയശേഷം ലോറിയുടെ കാബിൻ പൊളിച്ചാണ് ശ്രീജിത്തിന്‍റെ മൃതദേഹം പുറത്തെടുത്തത്. ദേശീയപാതയിലുണ്ടായ അപകടത്തെതുടർന്ന് മൂന്നുമണിക്കൂറിലധികം ഇതുവഴി വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

