കുടുംബാംഗങ്ങൾക്ക് കോവിഡ് പടരാതിരിക്കാൻ തൊഴുത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു
text_fieldsകിഴക്കമ്പലത്ത് കുടുംബാംഗങ്ങൾക്ക് രോഗം പടരാതിരിക്കാൻ വീടിനുസമീപത്തെ തൊഴുത്തിൽ കഴിയേണ്ടിവന്ന കോവിഡ് ബാധിതനായ യുവാവ് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാർഡിൽ മാന്താട്ടിൽ എം.എൻ ശശിയാണ് (സാബു-38) മരിച്ചത്.
കഴിഞ്ഞ മാസം 27 നാണ് ശശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രായമായ മാതാവും അവിവാഹിതനും രോഗിയുമായ സഹോദരനും രണ്ടര വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞും ഭാര്യയും വീട്ടിലുള്ളതിനാൽ അവർക്ക് രോഗം ബാധിക്കുമെന്ന് ഭീതിയിലായിരുന്നു ശശി. അതിനാൽ, വീടിനടുത്തുള്ള ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തിലേക്ക് മാറുകയായിരുന്നു അദ്ദേഹം.
മേയ് ഒന്നിന് സഹകരണബാങ്കിൽ നിന്ന് കോവിഡ് ബാധിതർക്കുള്ള കിറ്റുമായെത്തിയവരാണ് ഇദ്ദേഹത്തിന്‍റെ ദയനീയാവസ്ഥ കണ്ട് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്‍ററിലേക്ക് മാറ്റിയത്. പിന്നീട് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വാർഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തി. കാളിക്കുട്ടിയാണ് മാതാവ്. ഭാര്യ: സിജ. മകൻ: രണ്ടരവയസ്സുള്ള സായൂജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

