വീട്ടിലെ വഴക്കിനിടെ അനുജന്റെ കുത്തേറ്റ് യുവാവ് മരിച്ചു
text_fieldsആഷിഫ്
തലശ്ശേരി: വീട്ടിലെ വഴക്കിനിടെ അനുജന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പാലയാട് ഡിഫിലി മുക്കിലെ ആയിഷാസിൽ ആഷിഫാണ് (28) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ അഫ്സലിനെ (24) ധർമടം പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11നാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ആഷിഫ് വീട്ടിലെ സാധനങ്ങൾ തകർക്കുകയും ബഹളംവെക്കുകയും ചെയ്തിരുന്നു. ആഷിഫും അഫ്സലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ആഷിഫ് അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. തുടർന്ന് അഫ്സൽ കറിക്കത്തി എടുത്ത് ജ്യേഷ്ഠനെ കുത്തുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വയറിനാണ് കുത്തേറ്റത്. ബഹളംകേട്ട് നാട്ടുകാർ പൊലീസിനെ അറിയിച്ചു. കുത്തേറ്റു വീണുകിടന്ന ആഷിഫിനെ നാട്ടുകാരും ധർമടം പൊലീസും ചേർന്ന് തലശ്ശേരി കൊടുവള്ളിയിലെ സഹകരണ ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആഷിഫ് മരിച്ചു. പരേതനായ പി.പി. അഷ്റഫിന്റെയും എം.പി. ഫൗസിയയുടെയും മകനാണ്. മറ്റു സഹോദരങ്ങൾ: അർഷാദ്, അജിനാസ്, ഫാത്തിമ.
സംഭവത്തിനുശേഷം രക്ഷപ്പെട്ട അനുജൻ അഫ്സലിനെ തലശ്ശേരിയിൽവെച്ചാണ് ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

