പെരുമ്പടപ്പിൽ എയർഗണ്ണിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
text_fieldsഷാഫി
ചങ്ങരംകുളം: സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. ചെറുവല്ലൂർ ആമയം സ്വദേശി നമ്പ്രാനത്തേൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫിയാണ് (42) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരക്ക് പെരുമ്പടപ്പ് ചെറുവല്ലൂർ കടവിൽ സുഹൃത്തിന്റെ വീട്ടിലാണ് സംഭവം.
അടുത്ത വീട്ടിലെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് നിഗമനം. ഉടൻ പുത്തൻപള്ളിയിലെയും തുടർന്ന് തൃശൂരിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എയർഗൺ ഉടമയും, ഷാഫിയുടെ സുഹൃത്തുമായ പട്ടേരി സ്വദേശി സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ ഒളിവിലാണ്. പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളത്ത് ടാക്സി ഡ്രൈവറാണ് ഷാഫി. മാതാവ്: ആസിയ. ഭാര്യ: റൈഹാന. മക്കൾ: ഷഹീൻ, ശഹ്മ, ശഹസ.

