മലബാറിലെ ബ്രിട്ടീഷ് വിരുദ്ധപോരാട്ട രേഖകളുമായി യുവചരിത്രകാരൻ
text_fieldsYoung historian with documents of anti-British struggle in Malabar
മലബാർ സമരചരിത്രരേഖകൾ, പത്രങ്ങൾ, ബ്രിട്ടീഷ് രഹസ്യരേഖകൾ എന്നിവയുടെ ശേഖരവുമായി യുവചരിത്രകാരനും ചെറുകുളം സ്വദേശിയുമായ കെ. നവാസ്. 1849 ആഗസ്റ്റ് 25ന് മഞ്ചേരിയിൽ അത്തൻ ഗുരുക്കളുടെ നേതൃത്വത്തിൽ നടന്ന ബ്രിട്ടീഷ് ജന്മി വിരുദ്ധ പോരാട്ടം വ്യക്തമായി വിവരിക്കുന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ രേഖകൾ ഇദ്ദേഹത്തിെൻറ പക്കലുണ്ട്. മഞ്ചേരിയിൽ നടന്ന പോരാട്ടചരിത്രത്തെ ഉദ്ധരിച്ച് 1849 നവംബറിൽ അയർലൻഡിൽനിന്ന് പ്രസിദ്ധീകരിച്ച 'ദ വാട്ടർഫോർഡ് മെയിൽ' റിപ്പോർട്ടും ഇദ്ദേഹം കണ്ടെടുത്ത ചരിത്രരേഖകളിലുൾപ്പെടും.
1921 സെപ്റ്റംബർ 23ന് പാണ്ടിക്കാട്ട് മാപ്പിളമാരും ബ്രിട്ടീഷ് പട്ടാളവും തമ്മിലുണ്ടായ യുദ്ധം സ്വാതന്ത്രചരിത്രത്തിലെ സുപ്രധാന ഏടാണ്. ഇത് റിപ്പോർട്ട് ചെയ്ത റോയിറ്റേഴ്സ്, ന്യൂസിലാൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 'ഒറ്റാഗോ ഡെയിലി ടൈംസ്' എന്നിവയുടെ അത്യപൂർവ രേഖകളും ചരിത്രപശ്ചാത്തലം വിവരിക്കുന്ന തെളിവുകളും കണ്ടെത്താൻ ഇദ്ദേഹത്തിനായി.
മലബാർ സമരത്തെ അടിച്ചമർത്താൻ നിയോഗിച്ച ബ്രിട്ടീഷ് പൊലീസ് സൂപ്രണ്ട് ഹിച്ച്കോക്കിെൻറ മോങ്ങത്തുള്ള പ്രതിമ പൊളിച്ചുമാറ്റാൻ കമ്പളത്ത് ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടവും, തുടർന്ന് ഇതിന് സർക്കാർ ഉത്തരവിട്ടതുമായി ബന്ധപ്പെട്ട് 'ഇന്ത്യൻ ഡെയിലി'യിൽ വന്ന വാർത്തകളും കൂട്ടത്തിലുണ്ട്.
അക്കാലത്തെ സൈനിക ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ഫോട്ടോകളും ഇദ്ദേഹത്തിെൻറ കൈവശമുണ്ട്. മലബാർ സമരത്തിെൻറ നൂറാം വാർഷികത്തിന് ഇവയെല്ലാം പോർട്ടൽ വഴി പൊതുസമൂഹത്തിലെക്കെത്തിക്കാനുള്ള ശ്രമത്തിലാണ് കോട്ടക്കൽ ബി സ്കൂൾ ഇൻറർനാഷനൽ മാനേജ്മെൻറ് വിഭാഗം അധ്യാപകനായ നവാസ്.