മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ കൂട്ട് യോഗി ആദിത്യനാഥ്; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകങ്ങളുമായി യു.ഡി.എഫ് സഹകരിക്കില്ലെന്നും വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ ഏറ്റവും നല്ല കൂട്ട് യോഗി ആദിത്യനാഥാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടേത് കപട ഭക്തിയാണ്. മുമ്പ് ശബരിമലയിൽ ചെയ്തതിന് പ്രായശ്ചിത്വം ചെയ്യാൻ ശ്രമിക്കുകയാണ് അദ്ദേഹം. യോഗി ആദിത്യനാഥിന്‍റെ സന്ദേശത്തിലൂടെ എന്താണ് സി.പി.എം ഉദ്ദേശിക്കുന്നതെന്ന് മനസിലായി. ബി.ജെ.പിയുമായി അവിശുദ്ധ ബാന്ധവം സി.പി.എമ്മിനുണ്ട്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് യോഗിയുടെ സന്ദേശം. കേരളത്തിലെ ജനങ്ങൾക്ക് ഇതൊക്കെ കണ്ടാൽ മനസിലാക്കാനുള്ള സാമാന്യബുദ്ധിയുണ്ട്. യോഗി സർക്കാർ അയ്യപ്പ സംഗമത്തിന് സന്ദേശം നൽകിയ സാഹചര്യത്തിൽ പിന്നെ മറ്റൊരു അയ്യപ്പ സംഗമം നടത്തേണ്ട ആവശ്യമില്ലായിരുന്നു.
ഇരുകൂട്ടർക്കും ഒരു പരിപാടി മതിയായിരുന്നു. കേരളത്തിൽ ജാതി മത സ്പർധയുണ്ടാക്കാൻ നിരന്തരമായി ശ്രമിക്കുകയും മറ്റു സമുദായങ്ങളെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയെ മുഖ്യമന്ത്രി കാറിൽ കയറ്റി കൊണ്ടുപോവുന്ന സന്ദേശം വ്യക്തമാണ്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സി.പി.എം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നത്. ന്യൂനപക്ഷ പ്രീണനം വിജയിക്കാത്തതിനാലാണ് ഇപ്പോൾ ചുവടുമാറ്റിയത്. യഥാർഥ കമ്യൂണിസ്റ്റുകാർ തലയിൽ കൈ വെക്കുയാണ് ഇപ്പോഴത്തെ സി.പി.എമ്മിന്‍റെ പ്രവൃത്തികൾ കണ്ടിട്ട്. ഇനി ഒരോ മതത്തിന്‍റെയും സംഗമം അവർ നടത്തുമോ? ഹിന്ദു മഹാ സംഗമം, ഇസ്ലാം സംഗമം, ക്രൈസ്തവ സംഗമം. ഇവർ ഒരു കമ്യുണിസ്റ്റ് പാർട്ടിയല്ല. തീവ്ര വലതുപക്ഷ പാർട്ടിയാണ്.
നല്ല കമ്യുണിസ്റ്റുകാർ ഇവരുടെ ചെയ്തികൾ കണ്ട് തലയിൽ കൈവെക്കുകയാണ്. യഥാർഥ കമ്യുണിസ്റ്റുകാർ ഇനി യു.ഡി.എഫിന് വോട്ടു ചെയ്യും. സംസ്ഥാനത്തെ എല്ലാ നല്ല കാര്യങ്ങളിലും യു.ഡി.എഫ് പിന്തുണ നൽകും. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകങ്ങളുമായി യു.ഡി.എഫ് സഹകരിക്കില്ല. മുഖ്യമന്ത്രി പരിഹാസ്യനാവുന്ന പേലെ പരിഹാസ്യരാവാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

