ഇന്ന് കനത്ത ചൂട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- രാവിലെ 11 നും ഉച്ചക്ക് 3നുമിടയ്ക്ക് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം
- ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുക
- ചർമരോഗങ്ങൾ ഒഴിവാക്കാൻ മോയ്സ്ചറൈസറുകളും സൺസ്‌ക്രീനും ഉപയോഗിക്കാം. എസ്‌പിഎഫ് 30 ഉള്ള സൺസ്‌ക്രീൻ വാങ്ങാൻ ശ്രദ്ധിക്കുക.
- വേനൽക്കാലത്ത് വെള്ളയോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. തൊപ്പിയും കുടയും സൺഗ്ലാസുകളും എപ്പോഴും കൈയിൽ കരുതണം.
- ഉച്ചസമയത്തെ വ്യായാമം ഒഴിവാക്കണം.
ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍ പോക്‌സ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
നാലു ദിവസത്തില്‍ കൂടുതലുള്ള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന-പഴുപ്പ്, അമിതമായ ഉറക്കം, ആശയക്കുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുള്ള ഛർദി, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

