സേവന നിലവാരം മെച്ചപ്പെടുത്തല്‍: കരിപ്പൂർ വിമാനത്താവളത്തിൽ ‘യാത്രിസേവ അഭിയാൻ’ ഇന്ന് മുതല്‍
text_fieldsകൊണ്ടോട്ടി: യാത്രക്കാര്‍ക്കുള്ള സേവന നിലവാരം മെച്ചപ്പെടുത്തുകയും സന്തോഷകരമായ യാത്രാനുഭവം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ ആവിഷ്‌കരിച്ച ‘യാത്രിസേവ അഭിയാന്‍ 2026’ പദ്ധതിക്ക് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച തുടക്കമാകും. ഒക്ടോബര്‍ 10വരെ നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുകയെന്ന് വിമാനത്താവള ഡയറക്ടര്‍ മുകേഷ് യാദവ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സുഗമവും സന്തോഷകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനൊപ്പം വിമാനത്താവള ജീവനക്കാരെയും സേവന പങ്കാളികളെയും പരിപാടിയുടെ ഭാഗമായി ആദരിക്കും. വിമാനത്താവള ടെര്‍മിനലില്‍ വന്ദേമാതര ആലാപനവും വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. യാത്രക്കാരുമായി നേരിട്ട് സംവദിക്കുന്ന ബോധവത്കരണമുള്‍പ്പെടെയുള്ള പരിപാടികളും ആസൂത്രണം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ലഭ്യമാക്കിയിട്ടുള്ള ഡിജിറ്റല്‍ സാങ്കേതിക സൗകര്യങ്ങളെക്കുറിച്ചുള്ള വിശദീകരണം, സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി യാത്രക്കാരുടെ പ്രതികരണങ്ങള്‍ ശേഖരിക്കല്‍ എന്നിവയും നടക്കും.
മലബാറിന്റെ തനിമയാര്‍ന്ന സംസ്‌കാരവും സല്‍ക്കാരപ്രിയതയും പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ മികച്ച അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു. വിവിധ വകുപ്പ് മേധാവികളായ മോന്‍ ടി. ജോർജ്, അങ്കിത് ജൈസ്വാള്‍, ജെറി സെബാസ്റ്റ്യന്‍, എസ്. പ്രസീത, ജെ. ആല്‍ബര്‍ട്ട്, സി. റാഹില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

